സിനിമാ മേഖലയിലെ പ്രതിസന്ധി താരങ്ങളും സർക്കാരും പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷ

Monday 24 March 2025 1:50 AM IST

കൊച്ചി: പ്രതിസന്ധി മറികടക്കാൻ സർക്കാർ മാത്രമല്ല, സഹപ്രവർത്തകരും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ വ്യവസായികൾ. കോടികളുടെ നഷ്‌ടം ഇനിയും സഹിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംഘടനകൾ. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിലെ ധാരണപ്രകാരം സമരം പിൻവലിച്ചെങ്കിലും വ്യവസായ സംഘടനകൾ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായിട്ടില്ല. സർക്കാരിന്റെ പിന്തുണയ്ക്കാണ് പ്രഥമപരിഗണന. സർക്കാർ ഇടപെടൽ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് സർക്കാരിന് സമർപ്പിക്കും.

നിർമ്മാണ ചെലവിന്റെ 60ശതമാനം താരങ്ങളുടെയും സാങ്കേതികപ്രവർത്തകരുടെയും പ്രതിഫലമാണ്. പ്രതിഫലം കുറയ്‌ക്കാൻ താരസംഘടന അമ്മയുമായി ചർച്ച നടത്താൻ തയ്യാറാണെങ്കിലും അഡ്ഹോക് ഭരണമായതിനാൽ കഴിഞ്ഞിട്ടില്ല.

പ്രതിഫലം കുറയ്‌ക്കാൻ താരങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. വിപണി തിരിച്ചറിഞ്ഞ് താരങ്ങളെ സമീപിക്കുന്നത് നിർമ്മാതാവും സംവിധായകനുമാണ്. തങ്ങളുടെ വിപണിമൂല്യപ്രകാരം പ്രതിഫലം ചോദിക്കുക താരങ്ങളുടെ അവകാശമാണെന്ന വാദം അമ്മയിലും ശക്തമാണ്. സംവിധായകരും ഛായാഗ്രാഹകരുമുൾപ്പെട്ട ഫെഫ്‌ക വ്യവസായികളുടെ നിലപാടിനോട് അനുകൂലമാണെന്നത് ആശ്വാസം നൽകുന്നതാണ്.

സർക്കാർ ചെയ്യേണ്ടത്

വിനോദ നികുതി ഇളവ്

തിയേറ്ററുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി

കെട്ടിട നികുതിയിൽ ഇളവ്

നിർമ്മാതാക്കൾക്ക് പ്രോത്സാഹനം

വ്യാജപ്പകർപ്പ് തടയാൻ നടപടി

താരങ്ങൾ, സാങ്കേതിക പ്രവർത്തകർ

താരങ്ങൾ പ്രതിഫലം കുറയ്‌ക്കണം

പ്രതിഫലം മൂന്നുഘട്ടമായി നൽകാൻ കരാർ

പ്രചാരണപരിപാടികളിൽ സഹകരിക്കണം

നിശ്ചിതസമയത്ത് ഷൂട്ടിംഗുകൾ പൂർത്തിയാക്കണം

ഷൂട്ടിംഗ് നീളാതിരിക്കാൻ ശ്രദ്ധിക്കണം

''വ്യവസായത്തിന്റെ നിലനില്പിന് സർക്കാർ പിന്തുണ അനിവാര്യമാണ്. പ്രശ്‌നങ്ങളും ആവശ്യങ്ങളുമടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിവരികയാണ്.""

ബി. രാകേഷ്

ജനറൽ സെക്രട്ടി

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ