അടുത്ത് തന്നെ പ്രതീക്ഷിച്ച മാറ്റം സംഭവിക്കും; സ്വർണവിലയിൽ ഇടിവ്

Monday 24 March 2025 10:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 65,720 രൂപയായി.ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 8,215 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,962 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് മാർച്ച് ഇരുപതിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിനിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. സ്വർണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുപ്പ് നടത്തിയതും വില കുറയുന്നതിലേക്ക് നയിച്ചു. ഓഹരി വിപണികൾ തിരിച്ചുവരുന്നത് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റിയവരുടെ മനസ് മാറ്റാൻ ഇടയുണ്ട്. വരും ദിവസങ്ങളിൽ ലാഭമെടുപ്പ് പ്രവണത വർദ്ധിച്ചാൽ സ്വർണത്തിൽ വലിയൊരു ഇടിവിന് സാദ്ധ്യതയുണ്ടെന്ന സൂചനകളും വിദഗ്ധർ നൽകുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിലും സ്വർണവില താഴും. അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കാനിരിക്കേ സ്വർണവില കുറഞ്ഞത് കുടുംബങ്ങൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 110 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 110,000 രൂപയുമാണ്.