ഈ പമ്പിൽ വന്നാൽ പെട്രോൾ മാത്രമല്ല കിട്ടുക; തികച്ചും സൗജന്യമായി മറ്റൊന്നുകൂടി നിങ്ങൾക്ക് ലഭിക്കും

Monday 24 March 2025 11:12 AM IST

ചോറ്റാനിക്കര: പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാൻ നല്ല നാടൻ സംഭാരം തന്നെയാണ് നല്ലത്. വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ എത്തുമ്പോൾ സൗജന്യമായി രുചികരമായ സംഭാരം കിട്ടിയാലോ? ദാഹവും വിശപ്പും ക്ഷീണവും അകറ്റി യാത്ര തുടരാം. തിരുവാങ്കുളത്തുനിന്ന് ചോറ്റാനിക്കരക്ക് പോകുമ്പോൾ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ (എൻ.കെ ഫ്യൂവൽസിൽ) സൗജന്യമായി നാടൻ സംഭാരം മൺ കലത്തിൽ നിറച്ചു വച്ചിരിക്കുകയാണ് പമ്പിന്റെ ഉടമ സച്ചു കൃഷ്ണ.

ദിവസേന 150ലധികം ആളുകൾക്ക് ഇവിടെ സൗജന്യമായി സംഭാരം നൽകുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി ചോറ്റാനിക്കരയിൽ പെട്രോൾ പമ്പ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. നാല് വർഷമായി വേനൽക്കാലത്ത് സൗജന്യമായി സംഭാരം നൽകുന്നു.


രുചി കൂട്ടാൻ പുതിനയിലയും

സച്ചു കൃഷ്ണ അതിരാവിലെ ചോറ്റാനിക്കരയിലെ ക്ഷീര സഹകരണ സംഘത്തിൽ നിന്ന് 6 പാക്കറ്റ് തൈരും സമീപത്തെ പച്ചക്കറി കടയിൽ നിന്ന് ഇഞ്ചിയും പച്ചമുളകും പുതിനയിലയും കറിവേപ്പിലയും വാങ്ങും. ഫിൽറ്റർ ചെയ്തിട്ടുള്ള വെള്ളവും ചേർത്ത് മിക്സിയിൽ തൈര് ഉടച്ചെടുത്ത് രുചികരമായ സംഭാരം തയ്യാറാക്കും. കലത്തിൽ ജീവനക്കാർ നിറച്ചുവയ്ക്കും. ഒരു മണിക്ക് മുമ്പ് സംഭാരം തീർന്നാൽ വീണ്ടും തൈര് വാങ്ങി ആവശ്യത്തിനുള്ള സംഭാരം ഒരുക്കും. ദിവസേന 700ലധികം രൂപ ചെലവ് വരുന്നുണ്ടെന്ന് സച്ചു കൃഷ്ണ പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇത്തരം പാനീയങ്ങൾ യാത്രയ്ക്കിടെ വാങ്ങിക്കുടിക്കാൻ മടിക്കും. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാരും വഴിയോര കച്ചവടക്കാരും. അവരെ സഹായിക്കുകയാണ് പ്രാഥമിക ലക്ഷ്യം. വേനൽക്കാലത്ത് നിർജലീകരണം ഒഴിവാക്കാനും കുടൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്.

സച്ചു കൃഷ്ണ

പമ്പ് ഉടമ