'സംഘടന കൊണ്ട് ശക്തരാവുക'; ആദ്യ പ്രതികരണവുമായി രാജീവ്  ചന്ദ്രശേഖർ

Monday 24 March 2025 11:32 AM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റായി നിർദേശിച്ചതിനുശേഷം ആദ്യ പ്രതികരണവുമായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണിയാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലുമുള്ള കുറിപ്പിനൊപ്പം ഗുരുദേവന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക"– ശ്രീ നാരായണ ഗുരു' എന്നാണ് രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിന്റെ ഇംഗ്ളീഷ് വിവർത്തനവും പോസ്റ്റിലുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പ്രകാശ് ജാവദേക്കറാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. സംസ്ഥാന പ്രസിഡന്റാകാൻ താത്പര്യമില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, കേരളത്തിലെ യുവജനങ്ങളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു. കേരളത്തിൽ താമര വിരിയാൻ കേന്ദ്രനേതൃത്വം നടപ്പാക്കാൻ ലക്ഷ്യമിടുന്ന രാഷ്ട്രീയപദ്ധതിയുടെ സൂചനയായാണ് ബിജെപിയുടെ പുതിയ നീക്കത്തെ രാഷ്ടീയ നിരീക്ഷകർ കാണുന്നത്.

പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖർ സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അതേസമയം, കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്ന സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ലൈവ് വീഡിയോ രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.