അടൂർ നഗരസഭ ബഡ്ജറ്റ് സമഗ്ര വികസനത്തിന് വിപുലമായ പദ്ധതികൾ

Monday 24 March 2025 10:00 PM IST
അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ ബജറ്റ് അവതരിപ്പിക്കുന്നു

അടൂർ : വനിതകളുടെ വിവിധ ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി അടൂർ നഗരസഭാ ബഡ്ജറ്റ്. 67.18 കോടി രൂപ വരവും 60.23 കോടി രൂപ ചെലവും 6.95 കോടി രൂപ നീക്കിയിരിപ്പും പ്രതീഷിക്കുന്ന ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷീ ലോഡ്ജ് നിർമ്മാണം 25 ലക്ഷം,വനിതകൾക്ക് ഇ ഓട്ടോറിക്ഷ പദ്ധതി 30 ലക്ഷം,വനിതകൾക്ക് ഓപ്പൺ ജിം 20 ലക്ഷം എന്നിങ്ങനെ വനിതാ ക്ഷേമത്തിന് പദ്ധതികളുണ്ട്. പട്ടികജാതി മേഖലയുടെ വികസനത്തിനും ഉന്നമനത്തിനും ഒരു കോടി, സമ്പൂർണ പാർപ്പിട പദ്ധതിക്ക് ഒരു കോടി,ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകുന്നതിന് 87 ലക്ഷം, വയോജനങ്ങൾക്കും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന നഗരവാസികളുടെ ഉന്നമനത്തിനുമായി 35 ലക്ഷം എന്നിങ്ങനെ വകയിരുത്തി. പറക്കോട് പഴയ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് ഒരു കോടി,അനന്തരാമപുരം ചന്തയുടെ വികസനത്തിന് ഒരു കോടി, വയോജനങ്ങൾക്കായി ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നതിന് 30 ലക്ഷം എന്നിങ്ങനെ വകയിരുത്തുന്നു. നഗരസഭയുടെ ആയുർവേദ ആശുപത്രിയുടെ നവീകരണത്തിന് 30 ലക്ഷം,പന്നിവിഴ വലിയകുളം നവീകരണം 20 ലക്ഷം, അങ്കണവാടികളുടെ വികസനത്തിന് 15 കോടി,സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിന് രണ്ട് ലക്ഷം വകയിരുത്തി. വിവിധ വാർഡുകളിൽ റോഡുകളുടേയും പാലങ്ങളുടേയും ജോലികൾക്ക് 4.39 കോടി രൂപയും ഖരമാലിന്യ സംസ്കരണ സംവിധാനം വിപുലീകരിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തി.