ആചാരങ്ങൾക്ക് വിഘ്‌നമില്ലാതെ തൃശൂർപൂരം നടത്താൻ നടപടി : മുഖ്യമന്ത്രി

Tuesday 25 March 2025 12:23 AM IST

 വെടിക്കെട്ടും ആന എഴുന്നള്ളിപ്പും ഭംഗിയായി നടത്തും.

തിരുവനന്തപുരം:കേന്ദ്ര സർക്കാർ വെടിക്കെട്ടിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്ക് തടസംവരാതെ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.കേന്ദ്രത്തിന്റെ ഭേദഗതികൾ സംബന്ധിച്ച് തൃശൂർ പൂരം ദേവസ്വങ്ങൾ ആശങ്ക അറിയിച്ചതിനെ തുടർന്ന് പരിഹാരം കാണാനായി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.കേന്ദ്ര സർക്കാർ എക്‌സ്‌പ്ലോസീവ് ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി തൃശൂർ പൂരത്തിന് മാത്രമല്ല സംസ്ഥാനത്ത് വിവിധ ആരാധനാലയങ്ങളിൽ നടക്കുന്ന വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.വെടിക്കെട്ട് പുരയിൽ നിന്ന് 200മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടത് എന്നതാണ് പ്രധാന ഭേദഗതി.വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽ നിന്ന് 100മീറ്റർ അകലെയായിരിക്കണം വെടിക്കെട്ട് കാണുന്നവരെ നിർത്തേണ്ടതുൾപ്പെടെ 35 ഭേദഗതികളാണ് വിജ്ഞാപനത്തിലുള്ളത്.ഭേദഗതിക്കെതിരെ സംസ്ഥാനത്തിന് നിയമം കൊണ്ടുവരാനാകില്ല.അതേസമയം ഉത്സവങ്ങളുടെ ഭാഗമായി ആനകൾക്ക് പ്രയാസങ്ങളുണ്ടാകരുതെന്നാണ് സർക്കാർ നിലപാട്.ആനകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടാവണമെന്ന നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചിട്ടുണ്ട്.ഇത് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി ഉറപ്പാക്കുമെന്ന സർക്കാർ നിർദേശം ഹൈക്കോടതിയും അംഗീകരിച്ചു.അതിനാൽ ഒരു പ്രയാസവുമില്ലാതെ ആന എഴുന്നള്ളിപ്പ് നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.