വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ഡ്രെെവിംഗ് ഏറ്റെടുത്ത് യാത്രക്കാരി, വീഡിയോ

Monday 24 March 2025 10:32 PM IST

ന്യൂഡൽഹി: യാത്രയ്ക്കിടെ ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവിംഗ് ഏറ്റെടുത്ത് യാത്രക്കാരി. ഗുരുഗ്രാമിൽ നിന്ന് ഡൽഹിയിലേക്ക് മകളും അമ്മയും മുത്തശ്ശിയുമായി യാത്ര ചെയ്യവേയാണ് ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് യുവതി തന്നെ ഡ്രെെവിംഗ് ഏറ്റെടുക്കുകയായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ഹണി പിപ്പലാണ് കാർ ഓടിച്ചത്. യുവതി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ച്ചത്. പിന്നാലെ ഇത് വെെറലായി. നെഞ്ചുവേദനയെ തുടർന്ന് ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാതായി.

ഉടൻ താൻ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നു. എല്ലാ സ്ത്രീകളും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്ന ഉപദേശവും ഹണി ഇൻസ്റ്റഗ്രാമിലൂടെ നൽകി. യാത്രയ്ക്കിടെ ആശ്വാസം തോന്നിയ ഊബർ ഡ്രൈവറോട് തന്റെ ഡ്രൈവിംഗ് സ്കിൽ എങ്ങനെയുണ്ടെന്ന് ഹണി തമാശരൂപേണ ചോദിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോയ്ക്ക് താഴെ യുവതിയെ അഭിനന്ദിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. മനുഷ്യത്വമാണ് പ്രധാനമെന്നും യുവതിയുടെ പ്രവൃത്തി പ്രശംസനീയമാണെന്നും പലരും കുറിച്ചു.