വി​ഘ്നേശി​ന് താരോദയം, മനം നി​റഞ്ഞ് അച്ഛനും അമ്മയും

Tuesday 25 March 2025 4:33 AM IST

മലപ്പുറം: ' അച്ഛനും അമ്മയും ഉറങ്ങിയില്ലേ......' കളി കഴിഞ്ഞ് പുലർച്ചെ രണ്ട് മണിക്ക് വിഘ്നേഷ് വിളിച്ചു. സന്തോഷം കൊണ്ട് ഉറക്കം വരുന്നില്ല മോനെ''......അമ്മ ബിന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു.

വിലയേറിയ ക്രിക്കറ്റ് കിറ്റ് വാങ്ങിക്കൊടുക്കാൻ തനിക്ക് പണമില്ലാത്തതിനാൽ ബാറ്ററാകണമെന്ന മോഹം മാറ്റിവച്ച മകന്റെ നേട്ടത്തിൽ പിതാവ് സുനിൽകുമാറിനും വാക്കുകൾ പുറത്തേക്ക് വന്നില്ല. മഞ്ഞ പുതച്ച ചെന്നൈ ചെപ്പോക്ക് ഗ്യാലറിയെ നിശബ്ദനാക്കിയ മുംബയ് ഇന്ത്യൻസിന്റെ പുത്തൻ താരോദയമാണ് പെരിന്തൽമണ്ണ വളയംമൂച്ചി സ്വദേശി വിഘ്നേഷ് പുത്തൂർ. വിഘ്‌നേഷിന്റെ ഇടംകൈ ലെഗ് സ്പിന്നിന്റെ മൂർച്ചയിൽ തെറിച്ചത് ചെന്നൈയുടെ മൂന്നുവിക്കറ്റുകൾ.

മത്സരത്തിന് മുമ്പ് വൈകിട്ട് 5.30ന് വീട്ടിലേക്ക് വിളിച്ചിരുന്നു. കളിക്ക് പോവുകയാണ്,​ പ്രാർത്ഥിക്കണമെന്ന് പറഞ്ഞു. അവസരം കിട്ടുമോയെന്ന അച്ഛന്റെ ചോദ്യത്തിന് അറിയില്ലെന്ന്മറുപടി.

`. ദൈവങ്ങളെല്ലാം അനുഗ്രഹിച്ചു.ധോണി അഭിനന്ദിക്കുന്നത് ടി.വിയിൽ കണ്ടു. എന്താണ് പറഞ്ഞതെന്ന് അവനോട് ചോദിച്ചിട്ടില്ല. എല്ലാം ചോദിക്കണം. ഹൈദരാബാദിലേക്ക് പോവുകയാണെന്ന് പറഞ്ഞു. ഇന്നലെ രാവിലെ വിളിച്ചിരുന്നു'- അച്ഛനും പെരിന്തൽമണ്ണ നഗരത്തിലെ ഓട്ടോഡ്രൈവറുമായ പുത്തൂർ വീട്ടിൽ സുനിൽകുമാർ പറഞ്ഞു.

ആലപ്പി റിപ്പിൾസിൽ നിന്ന്

മുംബയ് ഇന്ത്യൻസിലേക്ക്

കഴിഞ്ഞ വർഷത്തെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൽ കളിക്കാൻ ലഭിച്ച അവസരമാണ് ഐ.പി.എല്ലിലേക്ക് വഴി തുറന്നത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ മുംബയ് ഇന്ത്യൻസിലേക്ക് ട്രയൽസിനായി വിളിയെത്തി.

സൗദി അറേബ്യയിലെ ജിദ്ദയിൽ ഐ.പി.എൽ താരലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബയ് ഇന്ത്യൻസ് ടീമിലെടുത്തത്. നല്ലൊരു ബാറ്റ‌ർ കൂടിയാണ്.

വിഘ്‌നേഷിന് ക്രിക്കറ്റ് പാരമ്പര്യങ്ങളൊന്നും പറയാനില്ല. കളിമികവ് കണ്ട പ്രദേശവാസിയാണ് പെരിന്തൽമണ്ണയിലെ ക്രിക്കറ്റ് പരിശീലകനായ വിജയകുമാറിന്റെ അടുത്തെത്തിച്ചത്. ചൈനാമാൻ പന്തുകളെറിയാൻ പഠിപ്പിച്ചത് വിജയകുമാറാണ്. പിന്നാലെ കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. പെരിന്തൽമണ്ണയിലെ പി.ടി.എം ഗവ. കോളേജിലെ എം.എ ലിറ്ററേച്ചർ വിദ്യാർത്ഥിയാണ് വിഘ്‌നേഷ്.