ഏപ്രിൽ 10നകം പി.എൻ.ബിയിൽ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണം

Monday 24 March 2025 10:43 PM IST

ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 10നകം ഉപഭോക്താക്കൾ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണമെന്ന് മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. അക്കൗണ്ടുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനാണിത്. മാർച്ച് 31നകം കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ബാധകം. കെ.വൈ.സി പാലിക്കൽ പ്രക്രിയയുടെ ഭാഗമായി തിരിച്ചറിയൽ, വിലാസം എന്നിവയുടെ രേഖകൾ, സമീപകാല ഫോട്ടോ, പാൻ/ഫോം 60, വരുമാന തെളിവ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഏതെങ്കിലും ബ്രാഞ്ചിൽ നൽകണം. പി.എൻ.ബി വൺ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഏപ്രിൽ 10 നകം അടിസ്ഥാന ബ്രാഞ്ചിലേക്ക് രജിസ്റ്റർ ചെയ്ത ഇ-മെയിൽ / പോസ്റ്റ് വഴിയോ ഇത് ചെയ്യാം.നിശ്ചിത സമയത്തിനുള്ളിൽ കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാതിരിന്നാൽ അക്കൗണ്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.