പരീക്ഷ കഴിഞ്ഞതിന് പിന്നാലെ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞ് വിദ്യാർത്ഥികൾ
Tuesday 25 March 2025 7:50 PM IST
മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അദ്ധ്യാപകർ പരാതിയിൽ പറയുന്നു. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്.
ഇന്നലെയായിരുന്നു സംഭവം. ഇന്നലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ചില വിദ്യാർത്ഥികൾ കോപ്പിയടിക്കാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിനാലാണ് വിദ്യാർത്ഥികൾ പടക്കം എറിഞ്ഞതെന്നും അദ്ധ്യാപകർ പറയുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.