പ്ളസ് വൺ അധിക ബാച്ച് അനുവദിക്കില്ല
തിരുവനന്തപുരം: വരുന്ന അദ്ധ്യയനവർഷത്തിൽ (2025-26) പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധികബാച്ചുകൾ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വിദ്യാർത്ഥികളുടെ അഭിരുചി മാറി വരുന്നതിനാൽ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന, കുട്ടികൾ കുറവുള്ള ബാച്ചുകൾ പുനഃക്രമീകരിക്കാമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അദ്ധ്യക്ഷനായ സംസ്ഥാനതല സമിതിയുടെ ശുപാർശ. അതിനുശേഷം സീറ്റുകൾ ആവശ്യമെങ്കിൽ സർക്കാർ തലത്തിൽ നയപരമായ തീരുമാനമെടുക്കാമെന്നാണ് ശുപാർശ. ഈ അദ്ധ്യയനവർഷം ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്‌കൂൾ മാനേജ്‌മെന്റുകളിൽ നിന്ന് അധികബാച്ചുകൾക്ക് അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് .