അയ്യരുടെ പഞ്ചാബ്‌വാദ്യം

Tuesday 25 March 2025 11:40 PM IST

ഗുജറാത്ത് ടൈറ്റാൻസിനെ തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്

പഞ്ചാബ് കിംഗ്സ് 243/5, ഗുജറാത്ത് ടൈറ്റാൻസ് 232/5

പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ 42 പന്തുകളിൽ 97 നോട്ടൗട്ട്

അഹമ്മദാബാദ് : കഴിഞ്ഞ സീസണിൽ കിരീ‌ടം നേടിക്കൊടുത്തിട്ടും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നായകസ്ഥാനം കൈമോശം വന്ന ശ്രേയസ് അയ്യർ പുതിയ സീസണിൽ പുതിയ ക്ളബായ പഞ്ചാബ് കിംഗ്സിനുവേണ്ടി ശ്രേയസോടെ തുടങ്ങി. ഇന്നലെ ഗുജറാത്ത് ടൈറ്റാൻസിന് എതിരായ മത്സരത്തിൽ 42 പന്തുകളിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ ശ്രേയസ് 11 റൺസ് വിജയവും നേടിക്കൊടുത്തു.

അഹമ്മദാബാദിൽ ആദ്യം ബാറ്റ്ചെയ്ത പഞ്ചാബ് 243/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഗുജറാത്തിന് 232/5ലേ എത്താനായുള്ളൂ.അവസാന ഓവറിൽ ഒരുപന്തുപോലും സ്ട്രൈക്ക് ലഭിക്കാതിരുന്നതാണ് ശ്രേയസിന് അർഹിച്ച സെഞ്ച്വറി നഷ്ടമാക്കിയത്. മത്സരത്തിൽ 47 റൺസ് നേടിയ ഓപ്പണർ പ്രിയാംശ് ആര്യയും പുറത്താകാതെ 44 റൺസ് നേടിയ ശശാങ്ക് മനോഹറും കൂടി മിന്നിയതോടെ പഞ്ചാബ് 243/5 എന്ന മികച്ച സ്കോറിലേക്കെത്തി. ഗുജറാത്തിന് വേണ്ടി സായ് സുദർശൻ (74), ബട്ട്‌ലർ(54), റുതർഫോഡ് (46),ഗിൽ (33) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

പ്രിയാംശ് തുടക്കത്തിലേ തകർത്തടിച്ചെങ്കിലും പ്രഭ്സിമ്രാൻ സിംഗ് നാലാം ഓവറിൽ ടീം സ്കോർ 28ൽ നിൽക്കവേ പുറത്തായതോടെയാണ് ശ്രേയസ് കളത്തിലിറങ്ങിയത്. തുടർന്ന് പ്രിയാംശ്,അസ്മത്തുള്ള ഒമർസായ് (16),ഗ്ളെൻ മാക്സ് വെൽ(0),സ്റ്റോയ്നിസ് എന്നിവർ പുറത്തായെങ്കിലും ഒരറ്റത്ത് ശ്രേയസ് പോരാട്ടം തുടർന്നു.15.2 ഓവറിൽ ടീം സ്കോർ 162/5ൽ നിൽക്കുമ്പോഴാണ് ശശാങ്ക് കൂട്ടിനെത്തുന്നത്. തുടർന്ന് ഇരുവരും ചേർന്ന് 28 പന്തുകളിൽ അടിച്ചുകൂട്ടിയത് 81 റൺസാണ്.

42 പന്തുകളിൽ അഞ്ചു ഫോറും ഒൻപത് സിക്സുമടക്കമാണ് 19 ഓവറിൽ ശ്രേയസ് 97ലെത്തിയത്. 20-ാം ഓവറിലെ എല്ലാപന്തുകളും നേരിട്ടത് ശശാങ്കാണ്. ഈ ഓവറിൽ അഞ്ചുഫോറടക്കം 23 റൺസ് ശശാങ്ക് നേടുകയും ചെയ്തു. ഒരുപന്തെങ്കിലും ലഭിച്ചിരുന്നെങ്കിൽ സെഞ്ച്വറിയടിക്കാമായിരുന്നിട്ടും പഞ്ചാബ് നായകൻ അതിനായി ആവശ്യപ്പെട്ടില്ല.