തള്ളിയ ബില്ലുകൾ തിരിച്ചയച്ച് ഗവർണർ

Wednesday 26 March 2025 2:54 AM IST

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നിഷേധിച്ച രണ്ട് ബില്ലുകൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർക്കാരിലേക്ക് തിരിച്ചയച്ചു. ബില്ലുകൾക്ക് അനുമതിയില്ലെന്ന രാഷ്ട്രപതിയുടെ ഒപ്പും സീലും സഹിതമുള്ള അറിയിപ്പും ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനവും സഹിതം നിയമസെക്രട്ടറി കെ.ജി. സനൽകുമാറിനാണ് ബില്ലുകൾ അയച്ചുകൊടുത്തത്. ബില്ലുകൾക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കാതെ ഒറ്റവരിയിലാണ് രാഷ്ട്രപതിയുടെ അറിയിപ്പ്. ബില്ലുകൾ രാഷ്ട്രപതി തള്ളിയത് 'കേരളകൗമുദി'യാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

ഗവർണറെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കി കരം അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനും യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരം ഗവർണറിൽ നിന്ന് സർക്കാർ ഏറ്രെടുക്കാനുമുള്ള നിയമഭേദഗതി ബില്ലുകളാണ് രാഷ്ട്രപതി തള്ളിയത്.

നിയമസഭ പാസാക്കിയ 7ബില്ലുകൾ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതിൽ ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. 4ബില്ലുകൾക്ക് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഈ നടപടി ശരിയല്ലെന്നാണ് സർക്കാരിന്റെ നിലപാട്.