സപ്ലൈകോ ഫെയറുകളിൽ 40% വരെ വിലക്കുറവ്
Wednesday 26 March 2025 1:06 AM IST
തിരുവനന്തപുരം: റംസാൻ, ഈസ്റ്റർ, വിഷു എന്നിവയോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് മന്ത്രി ജി.ആർ. അനിൽ. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ട പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകളുണ്ടാകും. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിലാണ് ഫെയർ പ്രവർത്തിക്കുക. 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും.
സർക്കാർ സമ്മർദ്ദം ചെലുത്തുന്നതുകൊണ്ടാണ് വില കുറച്ച് ഉത്പന്നങ്ങൾ എത്തിക്കാനാകുന്നതെന്ന് മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. സപ്ലൈകോ റീജണൽ മാനേജർ സജാദ്. എ, വാർഡ് കൗൺസിലർ ജാനകി അമ്മാൾ.എസ്, ഡിപ്പോ മാനേജർ ബിജു പി.വി. എന്നിവർ സംബന്ധിച്ചു.