ശമ്പളം മുടങ്ങിയതിൽ പ്രതിഷേധം, ആശുപത്രികളിൽ നിന്നുള്ള 108 സേവനം നിറുത്തിവച്ചു

Wednesday 26 March 2025 2:58 AM IST

തിരുവനന്തപുരം: ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള സർവീസ് നിറുത്തിവച്ച് കനിവ് 108 ആംബുലൻസ്. കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിലാണ് പ്രതിഷേധം. ഐ.എൻ.ടി.യു.സി, ബി.എം.എസ്,സി.ഐ.ടിയു സംഘടനകളുൾപ്പെടെ പ്രതിഷേധത്തിലാണ്. അപകടസ്ഥലങ്ങളിലും നിന്നും വീടുകളിൽ നിന്നുമുള്ള സർവീസ് മാത്രമാണ് ഇപ്പോഴുള്ളത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായുള്ള കരാറടിസ്ഥാനത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനത്തിനാണ് 108 ആംബുലൻസുകളുടെ പ്രവർത്തന ചുമതല. ഈ കമ്പനിയാണ് ശമ്പളം നൽകേണ്ടത്. മൂന്നുമാസം കൂടുമ്പോൾ കമ്പനി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ബില്ല് സമർപ്പിക്കും. ഒരുവർഷമായി ബില്ലുകൾ പാസാക്കാതെ വന്നതോടെ കുടിശിക 110 കോടിയായി. ഇതോടെ ജീവനക്കാരുടെ ശമ്പളം കമ്പനി തടയുകയായിരുന്നു. സർക്കാർ കുടിശിക തീർക്കാതെ ശമ്പളം നൽകില്ലെന്ന നിലപാടിലാണ് കമ്പനി അധികൃതർ.

40കോടി നൽകിയിട്ടും

ഫെബ്രുവരിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് 40 കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ചെങ്കിലും ഇത് കരാർ കമ്പനിക്ക് നൽകിയില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഇതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. 2024 മാർച്ച് മുതൽ 2025 മാർച്ച് വരെ നൽകിയ ബില്ലുകളാണ് കോർപ്പറേഷനിലുള്ളതെന്നും ഇവർ പറയുന്നു. അതേസമയം അടുത്ത അഞ്ചുവർഷത്തേക്ക് പദ്ധതി നടത്തിപ്പിനായി ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ കോർപറേഷൻ ആരംഭിച്ചു.

1200 ജീവനക്കാർ

ഡ്രൈവർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ തുടങ്ങി 108ന്റെ ഭാഗമായ 1200 ജീവനക്കാർക്ക് ശമ്പളം മുടങ്ങി.