പ്രവാസികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി, ഈദ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 11 ദിവസം അവധി?

Wednesday 26 March 2025 4:16 PM IST

ദോഹ: പ്രവാസികളടക്കമുള്ള ഖത്തർ നിവാസികൾ കാത്തിരുന്ന വാർത്തയെത്തി. ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് മാർച്ച് 30 ഞായറാഴ്‌ചയാണ് ഖത്തറിൽ ഈദുൽ ഫിത്തർ കണക്കാക്കുന്നത്.

ഈദുൽ ഫിത്തർ അവധി കഴിഞ്ഞുള്ള ഏപ്രിൽ എട്ട് പ്രവൃത്തി ദിവസമായിരിക്കും. ഔദ്യോഗികമായി ഒൻപത് ദിവസമാണ് അവധിയെങ്കിലും വാരാന്ത്യ അവധി ഉൾപ്പെടെ പതിനൊന്ന് ദിവസത്തെ അവധിയായിരിക്കും മൊത്തത്തിൽ ലഭിക്കുക. ഖത്തർ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ഖത്തർ സെൻട്രൽ ബാങ്ക് ഗവ‌ർണർ കൈകൊള്ളണമെന്നാണ് അമീരി ദിവാനി അറിയിച്ചിരിക്കുന്നത്. അതേസമസം, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധാരണയായി മൂന്ന് ദിവസത്തെ അവധിയാണ് ഈദിന് ലഭിക്കുന്നത്. ചില സ്ഥാപനങ്ങൾ അഞ്ചുദിവസംവരെ അവധി നൽകാറുമുണ്ട്. അതത് സ്ഥാപനങ്ങൾ ഇക്കാര്യം തൊഴിലാളികളെ അറിയിക്കും.

രാജ്യത്തെ പൊതു അവധി ദിവസങ്ങളിലും അനിവാര്യമായി പ്രവർത്തിക്കേണ്ടി വരുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാവും. ഇത് സംബന്ധിച്ച അറിയിപ്പ് വരും ദിവസങ്ങളിൽ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുമെന്നാണ് സൂചന.