മെസിയും ടീമും കേരളത്തിലെത്തും, ഉറപ്പിച്ചു; വേദി തീരുമാനമായി

Wednesday 26 March 2025 4:40 PM IST

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും ഈ ‌വർഷം ഒക്ടോബറിൽ കേരളത്തിലെത്തും. പ്രദർശന ഫുട്ബോൾ മത്സരത്തിൽ കളിക്കാനായാണ് അർജന്റീന ടീം 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിൽ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്‌പോൺസർമാരായ എച്ച് എസ് ബി സി അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല.

ഒക്ടോബർ 25ന് മെസിയും സംഘവും കേരളത്തിലെത്തുമെന്ന് നേരത്തെ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുമായി സംവദിക്കാനുള്ള അവസരം ആരാധകർക്ക് ഒരുക്കാനും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും അബ്ദുറഹിമാനും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ അസോസിയേഷൻ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷന് കത്തയച്ചിരുന്നു. പിന്നാലെ ക്ഷണം സ്വീകരിച്ച് ഇമെയിലും മറുപടി ലഭിച്ചു. 2011ൽ മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ടീം കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ലയണൽ മെസിയായിരുന്നു അർജന്റീനയുടെ ക്യാപ്ടൻ.