അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

Wednesday 26 March 2025 4:42 PM IST

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് ബാർ കോഴയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നടപടി. കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കൾ നേരത്തേ കണ്ടുകെട്ടിയിരുന്നു.

2007 ജൂലായ്, 2016 ജനുവരി കാലഘട്ടത്തിൽ കെ ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇഡിയും നിയമനടപടി തുടങ്ങിയത്. 2016 ഓഗസ്റ്റ് 31നാണ് വിജിലൻസ് ബാബുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇഡിയുടെ ആരോപണം.

കേസിൽ 2020 ജനുവരി 22നാണ് ഇഡി ബാബുവിന്റെ മൊഴിരേഖപ്പെടുത്തിയത്. നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലുണ്ടായിരുന്നത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അത് 25 ലക്ഷം രൂപയായി കുറഞ്ഞു. ജനപ്രതിനിധിയെന്ന എന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്ന് കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചില്ലെന്നും ഇഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ, വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്‌ക്ക് തുല്യമായ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇഡി കടക്കുകയായിരുന്നു.