14 വർഷങ്ങൾക്ക് ശേഷം വൃന്ദസദനം പകൽ വീടാവുന്നു

Thursday 27 March 2025 12:48 AM IST
പകൽ വീട്

മാവൂർ: കണ്ണിപറമ്പിൽ വൃദ്ധസദനത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടം 14വർഷങ്ങൾക്ക് ശേഷം പകൽ വീടാവുന്നു. 2011 ൽ ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം 2013 മാർച്ചിൽ ഉദ്ഘാടനം ചെയ്‌തതാണ്.

ഉദ്ഘാടനം നടത്തിയതല്ലാതെ കെട്ടിടം ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. ഇപ്പോൾ മാവൂർ ഗ്രാമപഞ്ചായത്ത് പകൽ വീടാക്കി 29 ന് പ്രവർത്തന ഉദ്ഘാടനം നടത്തും. ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ഗ്രാമപഞ്ചായത്ത് ഒരുലക്ഷവും മുടക്കിയാണ് കെട്ടിടം നിർമിച്ചത്. കുനിച്ചിമാട് പട്ടികവിഭാഗം കോളനിയിൽ പഞ്ചായത്തിൻ്റെ ഉടമസ്‌ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒരു പ്രയോജനമില്ലാതെ 14 വർഷമായി കെട്ടിടത്തിൻ്റെ പേരിൽ വൻ സാമ്പത്തിക അഴിമതി നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

14 വർഷത്തിനിടെ..

 2011 വൃദ്ധസദനത്തിനായി 10 ലക്ഷം രൂപയും മാവൂർ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ചെലവഴിച്ച് ഇരുനില കെട്ടിടം നിർമ്മിച്ചു

2013 മാർച്ച് 6ന് ഉദ്ഘാടനം

അര ലക്ഷം രൂപയുടെ ഫർണിച്ചറുകളും വാങ്ങി. അടുക്കള നിർമ്മാണത്തിന് വീണ്ടും തുക ചെലവഴിച്ചു.

2023 മാർച്ചിൽ പകൽ വീടാക്കാനായി അറ്റകുറ്റ പണികൾ നടത്തി

ഫർണിച്ചറിനായി 2023 ൽ 99,849 രൂപയും പ്രവർത്തിക്കാത്ത അടുക്കളയിലേക്ക് പാത്രങ്ങളും മറ്റുമായി 24,995 രൂപയും ചിലവഴിച്ചു. മതിൽ കെട്ടി ഗേറ്റ് വച്ചു. മോട്ടറും ടാങ്കും നിർമിച്ചു.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,16,917 രൂപ ചെലവിൽ കെട്ടിടം പെയ്ന്റടിച്ചു.

" ചില സങ്കേതിക കാരണങ്ങളാൽ ആണ് വൃദ്ധ സദനത്തിൻ്റെ പ്രവർത്തനം നടക്കാതം പോയത്. 29 ന് പകൽ വീടായി മാറുന്നത്തോടെ വയോജനങ്ങൾക്ക് ഒത്തു കൂടാനും സമയം ചെലവഴിക്കാനും ഉള്ള ഇടമായി മാറും. പകൽ സമയങ്ങളിൽ അവർക്ക് ഭക്ഷണമൊരുക്കാനും മറ്റുമായി ഒരാളെ നിയമിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനകൾ, ചികിത്സകൾ സൗജന്യമായി നടത്തും. ടെലിവിഷൻ, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കും. ഇതിൻ്റെ പ്രവർത്തനത്തിനായി പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനായി പൊതു പ്രവർത്തകർ ചേർന്ന 25 അംഗ സമിതി രുപീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം മെഡിക്കൽ ക്യാമ്പും നടക്കും."

വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്