ആശാ സമരം കൂടിയാലോചിച്ചല്ല: ആർ.ചന്ദ്രശേഖരൻ

Thursday 27 March 2025 12:06 AM IST

കോഴിക്കോട്: ആശാ വർക്കർമാരുടെ സമരം ഐ.എൻ.ടി.യു.സിയുമായി കൂടിയാലോചിച്ചല്ല നടത്തുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. മറ്റൊരു തൊഴിലാളി സംഘടന നടത്തുന്ന സമരമായതിനാലാണ് അവിടേക്ക് പോകാത്തത്. സമരം നടത്തുന്ന തൊഴിലാളികളോട് യാതൊരു അകൽച്ചയുമില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് സ്വാഭാവികമാണ്. ഐ.എൻ.ടി.യു.സിയുടെ നിലപാട് കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പിണറായി സംഘടനയായി ഐ.എൻ.ടി.യു.സി മാറുന്നു എന്ന ആരോപണം തെറ്റാണ്. കെ.കരുണാകരൻ ഐ.എൻ.ടി.യു.സി യെ സംബന്ധിച്ച് ദെെവത്തെപ്പോലെയാണ്. കരുണാകരനെ ഐ.എൻ.ടി.യു.സി മറക്കുന്നു എന്ന കെ. മുരളീധരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയ് ഒന്നിന് ഐ.എൻ.ടി.യു.സി സംസ്ഥാന കർമസേന സമ്മേളനം നടക്കും. അതിനുശേഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.