സമയത്ത് എൻട്രി അയയ്ക്കാൻ മറന്നു, ഏഷ്യൻ മാരത്തോൺ ചാമ്പ്യന്റെ അവസരം പോയി
Thursday 27 March 2025 12:11 AM IST
ന്യൂഡൽഹി : ഈ മാസം 30 ന് ചൈനയിലെ ജിയാഷിംഗിൽ നടക്കുന്ന ഏഷ്യൻ മാരത്തോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള എൻട്രി അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധികൃതർ സമയത്ത് അയയ്ക്കാത്തതിനാൽ ഏഷ്യൻ ചാമ്പ്യനായ ഇന്ത്യൻ താരം മാൻ സിംഗിന് പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു.ഈതോടെ ഈവർഷം ടോക്യോയിൽ നടക്കുന്ന ലോക മാരത്തോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം മാൻ സിംഗിന് നഷ്ടമാകും.
കഴിഞ്ഞമാസം 28 ആയിരുന്നു എൻട്രി നൽകാനുള്ള അവസാന തീയതി. എന്നാൽ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പുതിയ ഭരണസമിതി ഈ സമയത്തിനകം എൻട്രി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നത് വിട്ടുപോയി. അവസാനതീയതി കഴിഞ്ഞാണ് ഇക്കാര്യം അറിഞ്ഞതുതന്നെ. പിന്നീട് സംഘാടകരുമായി ബന്ധപ്പെട്ട് മാൻ സിംഗിനെക്കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.