മലപ്പുറത്ത് ലഹരിസംഘത്തിലെ 10പേർക്ക് എച്ച്ഐവി ബാധ, സ്ഥിരീകരിച്ച് അധികൃതർ
മലപ്പുറം: ലഹരിസംഘത്തിലുള്ള 10പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചത്. സംഘത്തിലെ മൂന്നുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.
രണ്ടുമാസം മുമ്പ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്. ഇതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ക്രീനിംഗിന്റെ തുടക്കത്തിൽ വളാഞ്ചേരിയിലെ ഒരാൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
10പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ള കൂടുതൽപേരെ ആരോഗ്യവകുപ്പ് സ്ക്രീനിംഗ് നടത്തുകയാണ്. ഇതിൽ കൂടുതൽപേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുംപേർക്ക് ഒരുമിച്ച് എച്ച്ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉൾപ്പടെയുളള ശരീര സ്രവവങ്ങളിലൂടെയും എച്ച്ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തിൽ അനുബാധ ഉണ്ടാകാം. എന്നാൽ ഉമിനീർ, വിയർപ്പ് എന്നിവയിലൂടെ എച്ച്ഐവി പകരില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.