പ്രവാസികൾ ഉൾപ്പെടെ കാത്തിരുന്ന വാർത്തയെത്തി, ബഹ്‌റൈനിൽ ഈദ് അവധി പ്രഖ്യാപിച്ചു

Thursday 27 March 2025 4:21 PM IST

മനാമ: ബഹ്‌റൈനിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ കാത്തിരുന്ന പ്രഖ്യാപനമെത്തി. ബഹ്റൈനിൽ ഈദുൽ ഫിത്തറിന്റെ അവധി പ്രഖ്യാപിച്ചു. പെരുന്നാൾ ദിവസവും അതിനുശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്‌ചയാണ് പെരുന്നാളെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ചേർത്ത് അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് അവധി ബാധകമായിരിക്കും.

കഴിഞ്ഞദിവസം ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് മാർച്ച് 30 ഞായറാഴ്‌ചയാണ് ഖത്തറിൽ ഈദുൽ ഫിത്തർ കണക്കാക്കുന്നത്.

ഈദുൽ ഫിത്തർ അവധി കഴിഞ്ഞുള്ള ഏപ്രിൽ എട്ട് പ്രവൃത്തി ദിവസമായിരിക്കും. ഔദ്യോഗികമായി ഒൻപത് ദിവസമാണ് അവധിയെങ്കിലും വാരാന്ത്യ അവധി ഉൾപ്പെടെ പതിനൊന്ന് ദിവസത്തെ അവധിയായിരിക്കും മൊത്തത്തിൽ ലഭിക്കുക. ഖത്തർ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ഖത്തർ സെൻട്രൽ ബാങ്ക് ഗവ‌ർണർ കൈകൊള്ളണമെന്നാണ് അമീരി ദിവാനി അറിയിച്ചിരിക്കുന്നത്. അതേസമസം, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധാരണയായി മൂന്ന് ദിവസത്തെ അവധിയാണ് ഈദിന് ലഭിക്കുന്നത്. ചില സ്ഥാപനങ്ങൾ അഞ്ചുദിവസംവരെ അവധി നൽകാറുമുണ്ട്. അതത് സ്ഥാപനങ്ങൾ ഇക്കാര്യം തൊഴിലാളികളെ അറിയിക്കും.