വാഹന ഘടക നിർമ്മാതാക്കൾക്ക് നെഞ്ചിടിപ്പേറുന്നു

Friday 28 March 2025 12:05 AM IST

ട്രംപിന്റെ വാഹന തീരുവ വർദ്ധന തിരിച്ചടിയാകും

കൊച്ചി: ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. അമേരിക്കയിലെ പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം വൻതോതിൽ ഇന്ത്യയിൽ നിന്ന് ഘടക ഭാഗങ്ങൾ വാങ്ങുന്നതിനാൽ പുതിയ തീരുമാനം കയറ്റുമതി സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കും. മേയ് മാസം മുതൽ എൻജിനുകൾ, എൻജിൻ ഘടകങ്ങൾ, ട്രാൻസ്‌മിഷൻസ് ആൻഡ് പവർട്രെയിൻ ഭാഗങ്ങൾ, ഇലക്ട്രിക്കൽ കമ്പോണന്റുകൾ എന്നിവയ്ക്ക് 25 ശതമാനം അധിക നികുതി കൂടി ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയിൽ പൂർണമായും നിർമ്മിച്ച വാഹനങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്നില്ല. ഘടക ഭാഗങ്ങളുടെ വിൽപ്പനയാണ് കൂടുതലുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ അമേരിക്കയിലേക്ക് 60,000 കോടി രൂപയുടെ വാഹന ഘടക ഭാഗങ്ങളാണ് കയറ്റി അയച്ചത്. നേരത്തെ ഇന്ത്യൻ വാഹന ഭാഗങ്ങൾക്ക് അമേരിക്ക തീരുവയൊന്നും ഈടാക്കിയിരുന്നില്ല. അമേരിക്കയിൽ നിന്നുള്ള ഇന്ത്യയുടെ വാഹന ഇറക്കുമതിയുടെ മൂല്യം 12,200 കോടി രൂപയാണ്. അതേസമയം 15 ശതമാനം ഇറക്കുമതി തീരുവയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയിട്ടുള്ളത്.