ജനന സർട്ടിഫിക്കറ്റിൽ പേരുമാറ്റാൻ ഗസറ്റ് വിജ്ഞാപനം മതി

Friday 28 March 2025 1:23 AM IST

തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിൽ പേരു മാറ്റത്തിന് ഇനി ഗസറ്റ് വിജ്ഞാപനം മാത്രം മതി. പേരു മാറ്റാൻ സ്കൂൾ രേഖകളിലും മാറ്റം വരുത്തണമായിരുന്നു. ഇതാണ് ഒഴിവാക്കിയത്. സ്കൂൾ രേഖയിലെ തിരുത്തലിന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിച്ചവർക്കായിരുന്നു ബുദ്ധിമുട്ട്.

ഗസറ്റ് വിജ്ഞാപനത്തിന് പുറമേ തിരുത്തിയ ജനനസർട്ടിഫിക്കും ഉണ്ടെങ്കിലേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ രേഖകൾ തിരുത്താൻ കഴിയൂ. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി കണ്ണൻ ബി.ദിവാകർ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയാണ് വലിയൊരുമാറ്റത്തിന് വഴിയൊരുക്കിയത്.

ഇളമ്പള്ളൂർ പഞ്ചായത്തിലെ വഞ്ചിമുക്ക് ലക്ഷ്മിസദനത്തിൽ കണ്ണൻ ബൈജു ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പേര് കണ്ണൻ ബി. ദിവാകർ എന്നാക്കിയത്. എന്നാൽ സി.ബി.എസ്.ഇ സ്‌കൂൾ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ തിരുത്തിയ ജനന സർട്ടിഫിക്കറ്റ് വേണമെന്നായി. തദ്ദേശസ്ഥാപനത്തിൽ ജനനസർട്ടിഫിക്കറ്റ് തിരുത്താൻ എത്തിയപ്പോൾ അതിനേക്കാൾ വലിയ തടസം. തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റുണ്ടെങ്കിലേ ജനനസർട്ടിഫിക്കറ്റിലും പേരുമാറ്റാനാകൂവെന്നാണ് വ്യവസ്ഥ. ഇതോടെയാണ്

മുഖ്യമന്ത്രിക്ക് പരാതി നൽകിയതും ഒട്ടേറെ പേർക്ക് ആശ്വാസമാകുന്ന നടപടിക്ക് കാരണമായതും.

വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്. അനുസൃതമായ മാറ്റം ഉടൻ കെ സ്മാർട്ടിൽ വരുത്തും

-എം.ബി.രാജേഷ്

തദ്ദേശ മന്ത്രി