ലഹരിക്കെതിരെ കൂട്ടായ പ്രവർത്തനം വേണം: ഗവർണർ

Friday 28 March 2025 1:44 AM IST

തിരുവനന്തപുരം: ലഹരിക്കെതിരെ ഒറ്റപ്പെട്ട പ്രവർത്തനമല്ല, മുഴുവൻ സമൂഹവും ഉണർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നശാമുക്ത ഭാരത് അഭിയാനുമായി ചേർന്ന് ബ്രഹ്മകുമാരീസ് ആരംഭിച്ച ലഹരിമുക്ത കേരള ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ലഹരിക്കെതിരെ കുട്ടികളിൽ മാത്രമല്ല രക്ഷകർത്താക്കളിലും അവബോധം വളർത്തേണ്ട സമയമാണ്. നിയമ വ്യവസ്ഥയ്ക്ക് ലഹരി ഉത്പാദനം നിയന്ത്രിക്കാനേ സാധിക്കൂ. എന്നാൽ, ഉപഭോഗത്തെ നിയന്ത്രിക്കാൻ സമൂഹം ഇറങ്ങിയുള്ള പ്രവർത്തനമാണ് ആവശ്യം. ഇതിനായി ബ്രഹ്മകുമാരീസ് ഗ്രാമഗ്രാമങ്ങളിൽ ചെയ്യുന്ന സേവനം ശ്ലാഘനീയമാണെന്നും ഗവർണർ പറഞ്ഞു.


രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മകുമാരീസ് മെഡിക്കൽ വിംഗ് അദ്ധ്യക്ഷൻ ഡോ.ബനാറസീഷാ, തമിഴ്നാട്-കേരള സോണൽ കോ ഓർഡിനേറ്റർ രാജ യോഗിനി ബീന,മെഡിക്കൽ വിംഗ് അംഗം ഡോ.സച്ചിൻപരബ്, മിനി ബഹൻ, ബ്രഹ്മകുമാരി പങ്കജം, ബ്രഹ്മകുമാരി ഉഷ തുടങ്ങിയവർ പങ്കെടുത്തു.