അടി അടി പൂരം നിക്കോളാസ് പൂരന്‍; ഹൈദരാബാദിന്റെ വെടിപ്പുരയ്ക്ക് തീയിട്ട് ലക്‌നൗ

Thursday 27 March 2025 11:46 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അവരുടെ നാണയത്തില്‍ തിരിച്ചടി നല്‍കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 191 റണ്‍സിന്റെ വിജയലക്ഷ്യം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്.3.5 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് വെറും അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് മറികടന്നത്. 26 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികള്‍ (ആറ് വീതം സിക്‌സും ഫോറും) പായിച്ച നിക്കോളാസ് പൂരനാണ് ഹൈദരാബാദിന് അവരുടെ തന്നെ നാണയത്തില്‍ തിരിച്ചടി നല്‍കിയത്.

191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് വേണ്ടി മികച്ച തുടക്കമാണ് മിച്ചല്‍ മാര്‍ഷിനൊപ്പം 52(31) മൂന്നാം വിക്കറ്റില്‍ നിക്കോളാസ് പൂരന്‍ സമ്മാനിച്ചത്. 43 പന്തുകളില്‍ നിന്ന് 116 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ റിഷഭ് പന്ത് 15(15), ആയുഷ് ബദോനി 6(6), ഏയ്ഡന്‍ മാര്‍ക്രം 1(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഡേവിഡ് മില്ലര്‍ 13*(7), അബ്ദുള്‍ സമദ് 22*(8) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറുകളില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 190 റണ്‍സ്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂര്‍ ആണ് എസ് ആര്‍ എച്ച് മുന്‍നിരയെ പിടിച്ചുകെട്ടിയത്. നാലോവറില്‍ 34 റണ്‍സ് മാത്രമാണ് ഷാര്‍ദുല്‍ വഴങ്ങിയത്.

28 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 47 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് എസ് ആര്‍ എച്ച് നിരയിലെ ടോപ് സ്‌കോറര്‍. നിതീഷ് കുമാര്‍ റെഡ്ഡി 32(28), ഹെയ്ന്റിച്ച് ക്ലാസന്‍ 26(17), അനികേത് വര്‍മ്മ 36 (13) എന്നിവര്‍ തിളങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 18(4) മൂന്ന് സിക്സറുകള്‍ പറത്തിയ ശേഷം പുറത്തായി. ഹര്‍ഷല്‍ പട്ടേല്‍ 12*(11) റണ്‍സ് നേടി പുറത്താകാതെ നിന്നു. അഭിഷേക് ശര്‍മ്മ 6(6), ഇഷാന്‍ കിഷന്‍ 0(1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.