എ.ടി.എം ഉപയോഗത്തിന് ബാങ്കുകൾ ചാർജ് കൂട്ടുന്നു
Saturday 29 March 2025 12:30 AM IST
കൊച്ചി: മേയ് ഒന്ന് മുതൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ എ.ടി.എം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. എ.ടി.എം യൂസർ ഫീ ഇനത്തിൽ ഇതോടെ രണ്ട് രൂപ മുതൽ 23 രൂപയുടെ വരെ വർദ്ധനയുണ്ടാകും. പണം പിൻവലിക്കുന്നതുൾപ്പെടെ അഞ്ച് വിവിധ ഇടപാടുകളാണ് എ.ടി.എമ്മിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്. ഈ പരിധി കഴിഞ്ഞാൽ മെയ് മാസം മുതൽഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
പുതിയ നിബന്ധനകളനുസരിച്ച് അഞ്ച് ഇടപാടുകൾ കവിയുമ്പോൾ എ.ടി.എമ്മിലൂടെ പണം പിൻവലിക്കുമ്പോൾ ചാർജ് 17 രൂപയിൽ നിന്ന് 19 രൂപയായി ഉയരും.അക്കൗണ്ട് ബാലൻസ് നോക്കുന്നതിനുള്ള ചാർജ് ആറ് രൂപയിൽ നിന്ന് ഏഴ് രൂപയായി ഉയരും.