ഭിന്നശേഷിക്കാർക്കായി 100 ഖാദി ഔട്ട്ലെ‌റ്റുകൾ

Saturday 29 March 2025 12:23 AM IST

തൃശൂർ: ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത് നൂറ് ഖാദി ഔട്ട്‌ലെറ്റുകളുടെ ശൃംഖല ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് എന്ന പദ്ധതിക്ക് കീഴിൽ ഏബിൾ പോയിന്റ് എന്ന പേരിലാണ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുക. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഒരു ഔട്ട് ലെറ്റിൽ രണ്ട് പേർക്ക് തൊഴിൽ നൽകി, 15,000 രൂപ വേതനം നൽകാനാണ് തീരുമാനം. മാനസിക വെല്ലുവിളി നേരിടുന്നവർക്കും മാനസികരോഗം ഭേദമായവർക്കും തൊഴിൽ നേടാൻ അവസരമുണ്ട്. ഖാദി ഉത്പന്നങ്ങളാണ് ഏബിൾ പോയിന്റിലൂടെ വിപണനം നടത്തുന്നത്.