ഇരുപത്തിയേഴാം രാവ് കഴിഞ്ഞു, ഇനി ചെറിയ പെരുന്നാൾ

Saturday 29 March 2025 12:59 AM IST

കൊല്ലം: വിശുദ്ധ മാസത്തിലെ ഇരുപത്തിയേഴാം രാവായ ലൈലത്തുൽ ഖദ്ർ കഴിഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് മുസ്ലിം പള്ളികളിലും വീടുകളിലും രാത്രി വൈകുവോളം പ്രാർത്ഥനകൾ നടന്നു. 'കണക്കെടുപ്പുകളുടെ നാൾ' എന്നാണ് രാവ് അറിയപ്പെടുന്നത്. വി.ഖുർആൻ അവതരിച്ച രാത്രിയാണിതെന്നാണ് വിശ്വാസം.

സംസാരം നിയന്ത്രിച്ച്, വ്രതമനുഷ്ഠിച്ച്, മനസും ശരീരവും ശുദ്ധമാക്കി നോമ്പ് അനുഷ്ഠിക്കുന്ന നാളുകൾ... മലക്കുകളും റൂഹുകളും ദൈവത്തിന്റെ പക്കൽ നിന്ന് ശ്രേഷ്ഠമായ സമ്മാനങ്ങളുമായി എത്തുമെന്നാണ് വിശ്വാസം. ഈ സമയത്ത് മൂന്ന് യാസീൻ സൂറത്തുകൾ ഓതണമെന്നാണ് വിശ്വാസം. ദീർഘായുസിനും ഇഹപര ജീവിതത്തിന്റെ ഐശ്വര്യത്തിനും തീവ്രദൈവാനുഗ്രഹത്തിനുമാണത്. ഇന്നലെ പള്ളികളിൽ നടന്ന ഖുത്തുബ പ്രസംഗത്തിലും ജുമാ നമസ്‌കാരത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാൻ പള്ളി കമ്മിറ്റി വിപുലമായ സൗകര്യങ്ങൾ ഒരുക്കിരുന്നു. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്ത വിശ്വാസികൾ ഇക്കുറി 27ാം നോമ്പും വെള്ളിയാഴ്ചയും ഒരുമിച്ച് എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ചുള്ള ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പള്ളികൾ സജീവമായി. ചിന്നക്കട ജുമാ മസ്ജിദിൽ നടന്ന ജുമാ നിസ്‌കാരത്തിന് ചീഫ് ഇമാം ഹാഫിസ് അബ്ദുൽ ജവാദ് മന്നാനി നേതൃത്വം നൽകി.