സുവർണാഘോഷ തിളക്കത്തിൽ കെ.എസ്.ഡി.പി

Sunday 30 March 2025 12:08 AM IST

റീട്ടെയിൽ വിൽപ്പന കേന്ദ്രവുമായി വിപണി വികസിപ്പിക്കുന്നു

ആലപ്പുഴ : കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.പി) 50ാം വാർഷികാഘോഷവും പുതിയ റീട്ടെയിൽ വിപണന കേന്ദ്രമായ മെഡി മാർട്ടും ഏപ്രിൽ എട്ടിന് രാവിലെ 10ന് കെ.എസ്.ഡി.പി അങ്കണത്തിൽ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പി. പി ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ബ്രാൻഡിംഗ്, ഔഷധ നിർമ്മാണ രംഗത്തെ പുതിയ മാനദണ്ഡങ്ങളും സാങ്കേതിക വിദ്യകളും പ്രതിപാദിക്കുന്ന ചർച്ചകളും സംവാദങ്ങളും, മെഡിക്കൽ ക്യാമ്പുകൾ, ജീവനക്കാരുടെ കുടുംബ സംഗമം എന്നിവ ഉൾപ്പെടെ ഒരു വർഷം നീളുന്ന പരിപാടികളുണ്ടാകും.

സ്ഥാപനം പ്രവർത്തന ലാഭത്തിലാണെന്ന് ചെയർമാൻ സി.ബി.ചന്ദ്രബാബു പറഞ്ഞു, മാനേജിംഗ് ഡയറക്‌ടർ ഇ.എ സുബ്രഹ്മണ്യൻ, സീനിയർ ടെക്‌നിക്കൽ മാനേജർ സി. ആർ സന്തോഷ്, പേഴ്സണൽ മാനേജർ സി. വിനോദ്കുമാർ, ഡെപ്യുട്ടി മാനേജർ ടി. നവീൻകമാർ, എച്ച്. ഒ.ഡി സ്പിൻവിൻ സി.വേണുഗോപാൽ, മാർക്കറ്റിംഗ് മാനേജർ സിനി കൃഷ്ണ, പ്രൊജക്ട് ഡെപ്യുട്ടി മാനേജർ ലിജേഷ് ജോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കുറഞ്ഞ വിലയിൽ മരുന്നുമായി മെഡിമാർട്ട്

കെ.എസ്.ഡി.പി അങ്കണത്തിൽ ആരംഭിക്കുന്ന മെഡിമാർട്ടിൽ മരുന്നുകൾ 10 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനമുണ്ടാകും. കേരളത്തിലുടനീളം ഫാർമസി ശൃംഖല ആരംഭിക്കാൻ പദ്ധതിയുണ്ട്.