നടുമുറ്റവും കാറ്റും വെളിച്ചവും സർക്കാർ കെട്ടിടങ്ങൾ ഇനി ഹരിത സൗഹൃദം
ആലപ്പുഴ: നാലുകെട്ടും നടുമുറ്റവും. കാറ്റും വെളിച്ചവും. തണുപ്പ് നിലനിറുത്തും. സംസ്ഥാനത്തെ സർക്കാർ ഓഫീസ് കെട്ടിടങ്ങൾ ഇനി പ്രകൃതി സൗഹൃദമാകും. കാലാവസ്ഥാ വ്യതിയാനവും ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് പൊതുമരാമത്ത് കെട്ടിട വിഭാഗം നടപ്പാക്കുന്ന ഗ്രീൻ ബിൽഡിംഗ് നയത്തിന്റെ ഭാഗമായാണ് പരിഷ്കാരം. ഇതിനായി കേരളത്തിന്റെ തനത് വാസ്തുശിൽപ രീതി പിന്തുടർന്ന് നിർമ്മാണരീതി അടിമുടി മാറ്റും. ലൈറ്റ്, ഫാൻ, എ.സി ഉപയോഗം കുറയ്ക്കുക, ഓസോൺ സംരക്ഷണം എന്നിവ ഗ്രീൻ ബിൽഡിംഗ് ലക്ഷ്യമിടുന്നു. പരിസ്ഥിതി, സാമൂഹ്യ, സാമ്പത്തിക സുസ്ഥിരതയാണ് ഗ്രീൻ ബിൽഡിംഗ് നയത്തിന്റെ ലക്ഷ്യം. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതശൈലിക്ക് ഇത് സഹായിക്കും. പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ജല ഉപഭോഗം കുറയ്ക്കുന്ന പ്ലംബ്ബിംഗ് ഫിറ്റിംഗ്സുകൾ, ഉയർന്ന ഊർജ്ജക്ഷമതയുള്ള ലൈറ്റ് ഫിറ്റിംഗ്സുകൾ, തുറന്ന വായുസഞ്ചാരം, സോളാർ ഉപയോഗപ്പെടുത്തിയുള്ള പ്രകൃതിദത്ത ലൈറ്റിംഗ് ഒക്കെയായി സുഖപ്രദവും ആരോഗ്യദായകവുമായ അന്തരീക്ഷമാണ് ഒരുക്കുക.
സെൻസർ
നിയന്ത്രണത്തിൽ
ലൈറ്റ്, ഫാൻ, ടാപ്പ് തുടങ്ങി എല്ലാം പ്രവർത്തിക്കുക സെൻസർ നിയന്ത്രണത്തിൽ
വൈദ്യുതി, വെള്ളം എന്നിവയുടെ അനാവശ്യ ഉപയോഗം നിയന്ത്രിക്കും
മലിന ജലം റീസൈക്ളിംഗിലൂടെ ശുദ്ധീകരിച്ച് ഉപയോഗിക്കും
ഇ-വേസ്റ്റുകളുൾപ്പെടെ മാലിന്യം പരമാവധി കുറയ്ക്കും
മാലിന്യം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് സംവിധാനം
കെട്ടിടം ഭിന്നശേഷി സൗഹൃദം
നിർമ്മാണ ചെലവ് കൂടുമെങ്കിലും വൈദ്യുതി,വെള്ളം,എ.സി
എന്നിവയുടെ നിയന്ത്രണത്തിലൂടെ മറികടക്കാൻ കഴിയും
പരിസ്ഥിതി സൗഹൃദമായ രീതിയിലേക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗം ചുവടുമാറിയതിന്റെ ഭാഗമാണ് പരിഷ്കാരം. ഭാവിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഗ്രീൻ ബിൽഡിംഗ് പിന്തുടർന്നാകും.
-ചീഫ് എൻജിനിയർ,
പൊതുമരാമത്ത് കെട്ടിടവിഭാഗം.