ട്രെയിനിംഗ്കാല ബന്ധം, സുകാന്ത് ഒളിവിൽ?
പത്തനംതിട്ട: 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രാജസ്ഥാനിലെ ജോദ്പൂരിൽ നടന്ന ട്രെയിനിംഗിനിടയിലാണ് മലപ്പുറം സ്വദേശിയും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായി മേഘ പരിചയത്തിലായത്. ട്രെയിനിംഗിനുശേഷം നാട്ടിലെത്തിയപ്പോൾ മേഘയ്ക്ക് പിതാവ് കാർ സമ്മാനമായി നൽകി. തൊട്ടടുത്ത ദിവസം ഈ വാഹനം എറണാകുളത്തെ ടോൾ പ്ലാസ കടന്നതായി പിതാവ് മധുസൂദനന് ഫോണിൽ മെസ്സേജ് ലഭിച്ചു. ഇതേക്കുറിച്ച് മകളോട് തിരക്കിയപ്പോഴാണ് സുകാന്തുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് പോയതെന്നും അവർ ഇഷ്ടത്തിലായിരുന്നുവെന്നും മധുസൂദനൻ പറഞ്ഞു.
മേഘയുടെ ജീവനൊടുക്കലിനു കാരണമായ സുകാന്ത് മലപ്പുറത്തെ വീട്ടിൽ ഇല്ലെന്നും അവിടെ അടച്ചിട്ടിരിക്കുകയാണെന്നും അന്വേഷണസംഘം പറഞ്ഞു. ഒരാഴ്ചയായി അയാൾ ലീവിലാണ്. മേഘ ആത്മഹത്യ ചെയ്യുമ്പോൾ സുകാന്തുമായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. എട്ട് സെക്കൻഡ് ദൈർഘ്യമുള്ള കോളായിരുന്നു. ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കാഡ് സംവിധാനം വഴി മാത്രമേ ഈ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കൂ. ശില്പയുടെ ഫോൺ ട്രെയിൻ കയറി പൂർണമായി നശിച്ചിരുന്നു. ഫോൺ സൈബർ പൊലീസിനെ ഏല്പിച്ചെങ്കിലും അത് പൂർണമായി വളഞ്ഞൊടിഞ്ഞതു കാരണം അതിലെ വിവരം ശേഖരിക്കാൻ കഴിഞ്ഞില്ല. ലഭിച്ച ഫോൺ ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.