'എമ്പുരാൻ കാണില്ല, അസ്വസ്ഥതയുണ്ടാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ട്'; ചിത്രം പരാജയപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ

Sunday 30 March 2025 11:07 AM IST

തിരുവനന്തപുരം: വിവാദങ്ങൾ ശക്തമായിരിക്കെ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് മനസ്സിലായി. അതിനാൽ ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ.

നേരത്തെ എമ്പുരാൻ കാണുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. റിലീസിന് മുൻപായിരുന്നു രാജീവിന്റെ പ്രതികരണം. 'മോഹൻലാൽ-പൃഥ്വിരാജ്‌ ടീമിന് ആശംസകൾ. വരുംദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്.' എന്നായിരുന്നു രാജീവ്‌ ചന്ദ്രശേഖർ ഫേസ്‌ബുക്കിൽ കുറിച്ചത്.