നാളെ മുതൽ മാറും സാമ്പത്തിക കാര്യം; ടോൾ, ഭൂനികുതി,  കോടതി  ഫീസ്  കൂടും

Monday 31 March 2025 12:00 AM IST

കൊച്ചി/ തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാവുന്ന നാളെ മുതൽ സാമ്പത്തികമേഖലയിൽ വിപുലമായ മാറ്റങ്ങൾക്ക് തുടക്കമാവും.

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിലെ പുതിയ സ്കീം പ്രകാരം 12 ലക്ഷം രൂപവരെ വരുമാനമുള്ളവർ ആദായ നികുതി നൽകേണ്ടതില്ല. പ്രത്യേക നിരക്കുകൾ നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ പരിധി ബാധകമായിരിക്കില്ല.

കേരളത്തിൽ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർദ്ധിക്കും.ഭൂമിയുടെ പാട്ട നിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്. ദിവസവേതന കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വർദ്ധിക്കും. കോടതി ഫീസുകളും വർദ്ധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും.

കോൺട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കുന്നതിനാൽ ടൂറിസ്റ്റ് ബസ് നിരക്ക് വർദ്ധിക്കും.

15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50% നികുതി വർദ്ധിപ്പിക്കും.

ദേശീയപാത അതോറിട്ടി വാഹനങ്ങളുടെ ടോൾ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.കാറുകൾക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങൾക്ക് 15 രൂപയുമാണ് വർദ്ധന. കാറുകളുടെ വില രണ്ടുമുതൽ നാലു ശതമാനം വരെ വർദ്ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ആദായ നികുതി സ്ളാബുകളിലും പുതിയ സ്കീമിലുള്ളവർക്ക് കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. സെക്‌ഷൻ 87എ അനുസരിച്ചുള്ള റിബേറ്റ് 25,000 രൂപയിൽ നിന്ന് 60,000മായി ബഡ്‌ജറ്റിൽ ഉയർത്തിയതിനാലാണ് 12 ലക്ഷം വരെ വരുമാനത്തിന് നികുതി ഒഴിവാകുന്നത്.

ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപ വിവരങ്ങളും മറ്റും ഡിജിലോക്കറുകളിൽ സൂക്ഷിക്കാൻ ഏപ്രിൽ ഒന്നു മുതൽ നിക്ഷേപകർക്ക് അവസരം ലഭിക്കും. ഡാറ്റ ആക്സസ് ചെയ്യുന്നതിന് നോമിനികളെ നിയമിക്കാനും അവസരമുണ്ടാകും.

ടി.ഡി.എസിലും മാറ്റം

പലിശയിൽ നിന്നുള്ള വരുമാനത്തിന് സാധാരണക്കാർക്ക് 50,000 രൂപ വരെയും മുതിർന്ന പൗരന്മാർക്ക് ഒരു ലക്ഷം വരെയും ടി.ഡി.എസ് ഒഴിവാകും. വാടകയിനത്തിലെ വരുമാനത്തിനുള്ള ടി.ഡി.എസ് പരിധി 2.4 ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമായി ഉയർത്തി.

യൂണിഫൈഡ്

പെൻഷൻ സ്‌കീം

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന നാഷണൽ പെൻഷൻ സിസ്‌റ്റത്തിന്(എൻ.പി.എസ്) കീഴിലുള്ള യൂണിഫൈഡ് പെൻഷൻ സ്കീം നടപ്പാകും. സേവന കാലാവധിക്കനുസരിച്ച് പെൻഷൻ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. കുറഞ്ഞത് 25 വർഷം സേവന കാലാവധിയുള്ളവർക്ക് അവസാനത്തെ 12 മാസങ്ങളിൽ ലഭിച്ച ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 % പെൻഷൻ ലഭിക്കും.