നഴ്സിംഗ് കൗൺസിൽ യോഗം ചേരുന്നില്ല, അടിയന്തര സേവനം ലഭിക്കാതെ നഴ്സുമാർ

Monday 31 March 2025 12:55 AM IST

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായി നെട്ടോട്ടം

തിരുവനന്തപുരം: സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനാൽ യഥാസമയം കൗൺസിൽ യോഗം ചേരാതെ അടിയന്തര സേവനങ്ങൾ നഴ്സുമാർക്ക് നിഷേധിക്കുന്നു. നഷ്ടപ്പെട്ടുപോയ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായത്. വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവരും അവിടെനിന്ന് മതിയാക്കി നാട്ടിലെത്തി സർക്കാർ ജോലിക്കടക്കം കയറേണ്ടിവരുന്നവരും ഉൾപ്പെടെ ഇത്തരത്തിൽ നെട്ടോട്ടമോടുകയാണ്.

മൂന്നുമാസത്തിനിടെ ലഭിച്ച 50 അപേക്ഷകളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഡിസംബറിലാണ് അവസാനമായി കൗൺസിൽ യോഗം ചേർന്ന് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ അനുവദിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്നതിനാൽ ഇതിനിടയിൽ കൗൺസിൽ യോഗം ചേരേണ്ടെന്ന നിലപാടിലാണ് അധിക‌ൃതരെന്നാണ് വിവരം.

ജൂലായ് നാലിനാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. അതുവരെ യോഗം ചേരാതിരുന്നാൽ നൂറുകണക്കിന് നഴ്സുമാർക്ക് നാട്ടിലും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങൾ നഷ്ടമാകും.

പലകാരണങ്ങളാൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരാണ് അപേക്ഷ നൽകിയത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിലേ വിദേശരാജ്യങ്ങളിൽ നിന്ന് എക്‌സിറ്റ് വിസ ലഭിക്കൂ.

നിലവിൽ ചുമതല

ആരോഗ്യവകുപ്പ് ഡയറക്ടറിന്

നിലവിലെ കൗൺസിലിന്റെ കാലാവധി കഴിഞ്ഞതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീനയെ എക്‌സ് ഒഫിഷ്യോ പ്രസിഡന്റായി സർക്കാർ നിയമിച്ചിട്ടുണ്ട്. കൗൺസിലിന്റെ ദൈനംദിനകാര്യങ്ങൾ തടസപ്പെടാതിരിക്കാനാണിത്. എന്നിട്ടും യോഗം ചേരുന്നില്ലെന്നാണ് ആക്ഷേപം.

ഡ്യൂപ്ളിക്കേറ്രിന്

ഫീസ് 10,000 രൂപ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകണം. പത്രത്തിൽ പരസ്യവും കൊടുക്കണം

ഡ്യൂപ്ലിക്കേറ്രിന് അപേക്ഷിക്കാൻ കൗൺസിലിൽ ഒടുക്കേണ്ടത് 10,000 രൂപ. 50അപേക്ഷകളിലായി അഞ്ചുലക്ഷം രൂപ കൗൺസിലിന് ലഭിച്ചു

അപേക്ഷകരെ കൗൺസിൽ യോഗത്തിൽ വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടാണ് ഡ്യൂപ്ലിക്കേറ്റ് നൽകുന്നത്. വിദേശത്തുള്ളവരെ ഓൺലൈനായും കേൾക്കാം