കുതിച്ചുയർന്ന് റബർ, കുരുമുളക്

Monday 31 March 2025 12:14 AM IST

കോട്ടയം: ദീർഘകാലയളവിന് ശേഷം റബറിന്റെ ആഭ്യന്തര വില രാജ്യാന്തര വിപണിയിലും മുകളിലെത്തി. ആർ.എസ്.എസ് നാലാം ഗ്രേഡിന് ബാങ്കോക്ക് വില കിലോക്ക് 206 രൂപയാണ്. ആഭ്യന്തര വില 207 രൂപയിലാണ്.

കഴിഞ്ഞ ആഗസ്റ്റിൽ 247 രൂപ വരെ ഉയർന്ന ഷീറ്റ് വില നാളുകളായി 180-190 രൂപയിലായിരുന്നു . 200 രൂപയിലെത്തുന്നതുവരെ ചരക്ക് വിൽക്കില്ലെന്നാണ് ഉത്പാദക സംഘങ്ങൾ തീരുമാനിച്ചത്.

വേനൽ കടുത്തതോടെ ടാപ്പിംഗ് കുത്തനെ കുറഞ്ഞതാണ് നേട്ടമായത്.

വില ഇനിയും കൂടിയേക്കും

ടയർ കമ്പനികളുടെ ആവശ്യകത വർദ്ധിച്ചതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ഇറക്കുമതി ചെലവ് കൂടുന്നതിനാൽ വൻകിട കമ്പനികൾ ആഭ്യന്തര വിപണിയെ കൂടുതൽ ആശ്രയിക്കുന്നു. സീസൺ അവസാനിച്ചതോടെ റബർ സ്റ്റോക്ക് ചെയ്യാൻ കമ്പനികൾ തയ്യാറായാൽ വില ഇനിയും ഉയരും.

ആഗോള വില

ചൈന - 201 രൂപ

ടോക്കിയോ -194 രൂപ

ബാങ്കോക്ക് -206 രൂപ

കുരുമുളക് ഉപഭോഗം കൂടുന്നു

സാന്ദ്രത കൂടുതലുള്ള ഹൈറേഞ്ച് കുരുമുളക് വാങ്ങാൻ മറ്റു സംസ്ഥാനങ്ങളിലെ സത്ത് നിർമ്മാണ കമ്പനികൾ തയ്യാറായതോടെ വില മുകളിലേക്ക് നീങ്ങുന്നു. 250 ടണ്ണിലേറെ കുരുമുളക് കർണാടകയിലെ കമ്പനികൾ വാങ്ങി . 3000 ടൺ വില കുറഞ്ഞ കുരുമുളകാണ് ശ്രീലങ്കയിൽ നിന്നെത്തിയത്.. രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ ഇറക്കുമതി കൂടാനിടയുണ്ട്.

ഇറക്കുമതി നിരക്ക് ടണ്ണിന്

ഇന്ത്യ-8375 ഡോളർ

ശ്രീലങ്ക -7300 ഡോളർ

വിയറ്റ്നാം -7350 ഡോളർ

ബ്രസീൽ -7300 ഡോളർ

ഇന്തോനേഷ്യ -8000 ഡോളർ