എമ്പുരാൻ വിവാദം കെട്ടടങ്ങുന്നില്ല; രാജിവച്ച് മോഹൻലാൽ  ഫാൻസ്  അസോസിയേഷൻ  ആലപ്പുഴ  ജില്ലാ  സെക്രട്ടറി

Monday 31 March 2025 10:33 AM IST

ആലപ്പുഴ: എമ്പുരാൻ വിവാദത്തിന് പിന്നാലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു. ബിനുരാജ് ആണ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ബിനു അറിയിച്ചത്. എന്നാൽ രാജിയുടെ കാരണം വിശദീകരിച്ചിട്ടില്ല. രാജിവയ്ക്കുന്നുവെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. എമ്പുരാൻ വിവാദത്തിന് പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്ക്കാൻ കാരണമെന്നാണ് സൂചന.

എമ്പുരാൻ പുതിയ പതിപ്പ് ഇന്ന് മുതൽ പ്രദർശനം തുടങ്ങും. മൂന്ന് മിനിട്ടുള്ള ഭാഗങ്ങൾ നീക്കിയെന്നാണ് വിവരം. അവധിദിവസമായിട്ടും ഇന്നലെ സെൻസർ ബോർഡ് പ്രത്യേകം യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

എമ്പുരാൻ' രാഷ്ട്രീയ വിവാദത്തിനു വഴിവച്ചതോടെ മോഹൻലാൽ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. മോഹൻലാലിന്റെ സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജും നിലപാട് വ്യക്തമാക്കി. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു. ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്താണ് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.