ചേലാട് രണ്ട് കടകളിൽ മോഷണം
Tuesday 01 April 2025 12:47 AM IST
കോതമംഗലം: ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ പലചരക്ക് വ്യാപാര സ്ഥാപനം ഒലിവ് ട്രേഡേഴ്സ്, മെഡിക്കൽ സ്റ്റോർ എയ്ഞ്ചൽ ഫാർമ എന്നിവിടങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം ഉടമകൾ അറിയുന്നത്. ഒലിവിൽ നിന്ന് അര ലക്ഷത്തിലേറെ രൂപയും എയ്ഞ്ചൽ ഫാർമയിൽ നിന്ന് അയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചെങ്കിലും ആളെ മനസിലായിട്ടില്ല. സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലെ സി.സി ടി.വി തകർത്ത നിലയിലാണ്. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ വിരലടയാളം ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.