കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മിച്ചം 37 കോടി , വൈദ്യുതി, ഗ്യാസ് ബില്ലിന്റെ 25% പഞ്ചായത്ത് നൽകും

Tuesday 01 April 2025 12:06 AM IST

കിഴക്കമ്പലം: ട്വന്റി 20 പാർട്ടി ഭരിക്കുന്ന കിഴക്കമ്പലം, ഐക്കരക്കനാട് ഗ്രാമപഞ്ചായത്തുകളിൽ വീടുകളിലെ വൈദ്യുതി, പാചകവാതക ബില്ലുകളുടെ 25 ശതമാനം പഞ്ചായത്ത് നൽകും. വികസനപ്രവർത്തനങ്ങൾ പൂർത്തിയായശേഷം കിഴക്കമ്പലത്ത് 25ഉം ഐക്കരനാട്ട് 12ഉം കോടി രൂപ വീതം ബാക്കിയുണ്ട്. ഇതിന്റെ വിഹിതം ജനങ്ങൾക്ക് നൽകുമെന്നും ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനത് വരുമാനത്തിന്റെ നീക്കിയിരിപ്പിൽ നിന്നാണ് ബില്ലുകളുടെ 25 ശതമാനം തുക ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നൽകുക. ഇത് പിന്നീട് 50 ശതമാനമായി വർദ്ധിപ്പിക്കും. വെള്ളം ഒഴികെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ആനുകൂല്യങ്ങൾ ലഭിക്കും.

അഴിമതി പൂർണമായും തുടച്ചുനീക്കി വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കിയാണ് പഞ്ചായത്തുകൾക്ക് ഇത്രയും തുക നീക്കിയിരിപ്പുണ്ടായത്. റോഡുകളും പാലങ്ങളും ഗുണനിലവാരത്തിൽ നിർമ്മിച്ചതോടെ അറ്റകുറ്റപ്പണികൾ ആവശ്യമില്ല. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും വരുമാനം വർദ്ധിപ്പിച്ചുമാണ് മിച്ചം നേടിയത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും ഉയർന്ന തുക മിച്ചംപിടിക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞത്.

പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി രതീഷ് (കിഴക്കമ്പലം), ഡീന ദീപക് (ഐക്കരനാട് ), വൈസ് പ്രസിഡന്റുമാരായ ജിൻസി അജി (കിഴക്കമ്പലം), പ്രസന്ന പ്രദീപ് (ഐക്കരനാട് ), കിഴക്കമ്പലം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അഗം കെ.എ. ബിനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

രണ്ടു പഞ്ചായത്തുകളിലും

പദ്ധതിയുടെ ഗുണഭോക്താക്കളാകുക

75% കുടുംബങ്ങൾ

മറ്റു പദ്ധതികൾ

ക്യാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം

പകർച്ചവ്യാധികൾ തടയാൻ വീടുകൾക്ക് കൊതുക് ബാറ്റുകൾ

സമ്പൂർണ മാലിന്യനിർമാർജനത്തിന് വീടുകളിൽ ബയോബിൻ

കുടുംബങ്ങൾക്ക് ഫലവൃക്ഷത്തൈകൾ, പച്ചക്കറി തൈകൾ, മുട്ടക്കോഴികൾ

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ മേശ

വൃദ്ധജനങ്ങൾക്ക് കട്ടിൽ സൗജന്യം

71 കോടിയുടെ ക്ഷേമപദ്ധതികൾ നടപ്പാക്കും