തേങ്ങ വില ഉയരെ.. ഉയരെ
കോഴിക്കോട് : ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞതോടെ കുതിച്ചുയർന്ന് തേങ്ങ വില. കഴിഞ്ഞമാസം വരെ 50 രൂപയായിരുന്ന പച്ചതേങ്ങ വില 60 കടന്നു. ചില്ലറ വിൽപ്പന 65 കടക്കും. അതേസമയം ഉയർന്ന വിലയ്ക്ക് വാങ്ങുന്ന തേങ്ങയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്ന ആക്ഷേപമുണ്ട്. തേങ്ങയുടെ വിലക്കയറ്റം വെളിച്ചെണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വെളിച്ചെണ്ണ വില 35 രൂപയോളം ഉയർന്നു. കിലോയ്ക്ക് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി. ജനുവരിയിൽ പച്ചതേങ്ങ വിലയിൽ വർദ്ധന ഉണ്ടായെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.
തേങ്ങയുടെ ലഭ്യതക്കുറവ് പ്രതിസന്ധി
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന തേങ്ങ വീട്ടാവശ്യങ്ങൾക്കും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും മാത്രമെ നിലവിൽ തികയുന്നുള്ളൂ. കാസർകോട്, പൊന്നാനി, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തേങ്ങ വാങ്ങി കൊപ്രയാക്കി വെളിച്ചെണ്ണ ഉത്പാദിപ്പിച്ചിരുന്ന ചെറുകിട വെളിച്ചെണ്ണ മില്ലുകാർ പ്രതിസന്ധിയിലാണ്. കേരളത്തിൽ തേങ്ങയ്ക്ക് ലഭ്യതക്കുറവുണ്ടായാൽ തമിഴ്നാട്ടിൽ നിന്ന് എത്തിക്കുകയായിരുന്നു പതിവ്. വെളിച്ചെണ്ണ ഉത്പാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്രയുടെ വരവ് നിലച്ചതും വെളിച്ചെണ്ണ വില വർദ്ധിക്കുന്നതിന് കാരണമായി. സംസ്ഥാനത്ത് ഉത്പാദന ചെലവ് കൂടിയതിനാൽ നാളികേരം തമിഴ്നാട്ടിലെത്തിച്ച് കൊപ്രയാക്കിയും വെളിച്ചെണ്ണയാക്കിയും കേരളത്തിലെത്തുന്നത് പതിവായിരുന്നു. വിഷു, ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അടുത്തെത്തിയതോടെ വില വർദ്ധനയെ ആശങ്കയോടെയാണ് കാണുന്നത്. സാധാരണഗതിയിൽ വിഷുവിനോടടുപ്പിച്ച് വടകരയിലെ വ്യാപാര കേന്ദ്രങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള കൊപ്ര എത്താറുണ്ട്. ഇത്തവണ അതുണ്ടായില്ലെങ്കിൽ വെളിച്ചെണ്ണ വില ഇനിയും ഉയർന്നേക്കും. നാളികേരത്തോടൊപ്പം കൊപ്ര വിലയും ഉയർന്നിട്ടുണ്ട്. രാജാപൂർ കൊപ്രയ്ക്ക് ക്വിന്റലിന് 208800 രൂപയും കൊപ്ര എടുത്തപടി 18400, കൊപ്ര റാസ് 18000, കൊപ്ര ദിൽപസന്ത് 18500 എന്നിങ്ങനെയാണ് വില.
'' ഓരോ തെങ്ങിൽ നിന്ന് ലഭിക്കുന്ന തേങ്ങയുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇപ്പോൾ നാലോ അഞ്ചോ മാസത്തിലൊരിക്കലാണ് തേങ്ങയിടുന്നത്. രോഗബാധയും വർദ്ധിച്ചിട്ടുണ്ട്.
- സതീശൻ, കർഷകൻ കൊയിലാണ്ടി