കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ 'പാലക്കാട് നമ്പർ 1'

Tuesday 01 April 2025 1:15 AM IST

പാലക്കാട്: കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് ഒന്നാമതായി പാലക്കാട് റെയിൽവേ ഡിവിഷൻ. മുൻവർഷത്തെ അഞ്ചാം സ്ഥനത്തു നിന്നാണ് ഈ കുതിപ്പ്. യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചായിരുന്നു റാങ്കിംഗ്. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആകെ വരുമാനം 1607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 36.5% വർദ്ധന. പാഴ്സൽ, ചരക്ക് സേവനങ്ങൾ ഉൾപ്പെടെയുള്ള വരുമാനത്തിലും വൻ വർദ്ധനയുണ്ടായി. ഇതിലൂടെ 583.37 കോടി രൂപ ലഭിച്ചു. ഷൊർണൂർ-നിലമ്പൂർ സെക്ഷൻ ഇപ്പോൾ 100% വൈദ്യുതീകരിച്ചതും ഡീസൽ എൻജിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തത് പാലക്കാട് ഡിവിഷനു നേട്ടമായി.

വിവിധ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ നവീകരിക്കാനായി. ഷൊർണൂർ-നിലമ്പൂർ സെക്ഷനിൽ പരമാവധി വേഗം 85 കിലോമീറ്ററായി ഉയർത്തി. എൻജിനുകൾ, കോച്ചുകൾ, വാഗണുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യക്ഷമമായ ഉപയോഗം ഉത്പാദനക്ഷമത വർദ്ധിപ്പിച്ചു. കാറ്ററിംഗ് സ്റ്റാളുകൾ, പാർക്കിംഗ് ഏരിയകൾ, പെയ്ഡ് എസി വെയിറ്റിംഗ് ഹാളുകൾ എന്നിവ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിച്ചു. ട്രാക്ക് നവീകരണം, പരിപാലനം, കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ, സജീവമായ ട്രാക്ക് അറ്റകുറ്റപ്പണികൾ എന്നിവയും ഡിവിഷന്റെ നേട്ടമാണ്. ട്രെയിനുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി 39.85 കിലോമീറ്റർ ട്രാക്ക് പൂർണമായും പുതിയ സുരക്ഷിത ട്രാക്കുകളിലേക്കു മാറ്റി. 64.41 കിലോമീറ്റർ ആഴത്തിലുള്ള പരിശോധനയാണു ഡിവിഷൻ നടത്തിയത്. ഈ പ്രവർത്തനങ്ങൾ റാങ്കിംഗ് ഉയരാൻ സഹായിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ 16 സ്റ്റേഷനുകളിലായി 300 കോടി രൂപയുടെ നിക്ഷേപത്തോടെ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗകര്യങ്ങൾ നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനകം 175 കോടി രൂപ വിനിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.