സ്പൈസസ് ബോർഡ്: സംഗീത വിശ്വനാഥൻ നാളെ സ്ഥാനമേൽക്കും
കൊച്ചി: സ്പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ നാളെ ചുമതലയേൽക്കും. രാവിലെ 10ന് ഇടപ്പള്ളി - വൈറ്റില ദേശീയപാത ബൈപ്പാസിൽ സിവിൽലൈൻ ജംഗ്ഷന് സമീപത്തെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സംഗീത വിശ്വനാഥൻ. 2016ൽ കൊടുങ്ങല്ലൂരിലും 2021ൽ ഇടുക്കിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി നേടിയ സംഗീത 1999ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. 2016ൽ എം.ജി സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും നേടി. കുടുബ, തൊഴിൽ നിയമങ്ങളിൽ പ്രാവീണ്യം നേടി. തൃശൂർ ജില്ലാ കോടതി, കേരള ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു. ലീഗൽ സർവീസസ് അതോറിറ്റിയുടെ ക്ലാസുകളും നയിക്കുന്നു.
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് സംഗീത പൊതുരംഗത്തെത്തിയത്. തൃശൂർ കൂർക്കഞ്ചേരി തോട്ടുങ്ങൽ കുടുംബാംഗമാണ്. ഭർത്താവ് വലിയപറമ്പിൽ വിശ്വനാഥൻ ബേക്കറി, സൂപ്പർ മാർക്കറ്റ് ബിസിനസ് രംഗത്താണ്. മകൻ അഭിരാം വിശ്വനാഥൻ ന്യൂയോർക്കിൽ ജെനറ്റിക് എൻജിനീയറിംഗ് വിദ്യാർത്ഥിയും മകൾ ഉത്തര വിശ്വനാഥൻ പൂങ്കുന്നം ഹരിശ്രീ സ്കൂൾ വിദ്യാർത്ഥിനിയുമാണ്.