ഓടിക്കൊണ്ടിരുന്ന ട്രെയിലറിന് തീപിടിച്ചു
പത്തനംതിട്ട : ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചക്ക് 12.15ന് മൈലപ്ര പെട്രോൾ പമ്പിന് മുൻഭാഗത്താണ് എ.പി 39 യു.പി 0331 എന്ന നമ്പരിലുള്ള വാഹനത്തിന് തീ പിടിച്ചത്. 22 ചക്രങ്ങളുള്ള വാഹനത്തിന്റെ പിൻ ചക്രങ്ങളിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ എത്തിയ സ്‌കൂട്ടർ യാത്രക്കാർ ട്രെയിലറിന്റെ ഡ്രൈവറെ വിവരം അറിയിച്ചു. വാഹനം നിറുത്തിയപ്പോഴേക്കും ചക്രങ്ങളിൽ തീ പടർന്നിരുന്നു. തുടർന്ന് പെട്രോൾ പമ്പിൽ നിന്ന് ഫയർ എസ്റ്റിംഗുഷറുകൾ എത്തിച്ച് തീ കെടുത്തി. തുടർന്ന് വാഹനം മുന്നോട്ടെടുത്തപ്പോഴേക്കും വീണ്ടും തീ ആളിപ്പടരുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെ.എം.എൽ ബിസിനസ് സൊലുഷൻ കമ്പനിയുടെ പേരിലുള്ള വാഹനം ആലപ്പുഴയിൽ നിന്ന് ഹൈവേയുടെ നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ കയറ്റാനാണ് പത്തനംതിട്ടയിൽ എത്തിയത്. അപകടം നടക്കുമ്പോൾ ഡ്രൈവറും ക്ലീനറും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രക്കിടെ ട്രെയിലറിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായും ഇത് മൈലപ്രയിലെ വർക്ക്‌ഷോപ്പിൽ നന്നാക്കി വരും വഴിയാണ് തീപിടിത്തമുണ്ടായതെന്നും ജീവനക്കാർ പറഞ്ഞു.