എമ്പുരാന് 3 മിനിട്ട് കട്ട്, കെട്ടടങ്ങാതെ വിവാദം
തിരുവനന്തപുരം: വിവാദം പുകയുന്ന എമ്പുരാൻ സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത ന്യൂ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ഇന്നലെ വൈകിട്ടോടെ എത്തിക്കാനായിരുന്നു ശ്രമം. എല്ലാ സങ്കേതിക പ്രവർത്തനവും പൂർത്തിയാക്കി മാസ്റ്റർ പ്രിന്റിലേക്കെത്താൻ വൈകി. ഞായറാഴ്ച യോഗം ചേർന്ന സെൻസർ ബോർഡിനു മുന്നിൽ വീണ്ടും എഡിറ്റ് ചെയ്ത പ്രിന്റ് നിർമ്മാതാക്കൾ എത്തിച്ചിരുന്നു. തുടർച്ച കിട്ടുന്നതിനായി ഡബ്ബിംഗ് ഉൾപ്പെടെ ചെയ്യേണ്ടി വന്നു. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റിയിട്ടുണ്ട്. 18 ഇടത്താണ് ഈ പേര് പറയുന്നത്. മോഹൻലാൽ രണ്ട് പ്രാവശ്യം പറയുന്നുണ്ട്. ഇതെല്ലാം വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നു.
ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ഒഴിവാക്കി. ആദ്യ 20 മിനിറ്റുവരെയുള്ള ഭാഗം നീക്കുന്ന കാര്യം പരിശോധിക്കണമെന്നാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം സെൻസർ ബോർഡിനെ അറിയിച്ചത്. പിന്നീടുള്ള ചർച്ചയിലാണ് ചിലഭാഗങ്ങൾ നീക്കിയാൽ മതിയെന്ന ധാരണയുണ്ടായത്. തിയേറ്ററുകളിലെ ഡൗൺലോഡ് ബോക്സിലാണ് സിനിമ എത്തുന്നത്. ഡൗൺലോഡ് ചെയ്യാൻ ഒരുമണിക്കൂറോളം വേണ്ടിവരും. 'അൺ കട്ട് " എമ്പുരാന്റെ എല്ലാ ഷോയും ഇന്നലെ ഹൗസ്ഫുള്ളായിരുന്നു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ഇന്നലെയും ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ വിമർശനം വന്നു. പൃഥ്വിരാജിനെതിരായിരുന്നു ലേഖനം. സിനിമ സംഘടനകൾ മൗനം പാലിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ ഇന്നലെ വൈകിട്ട് 'ഫെഫ്ക' എമ്പുരാന് പിന്തുണയുമായി എത്തി.
'മാപ്പ് ജയൻ പറയൂല...
ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും തിരക്കഥാകൃത്ത് മുരളി ഗോപി അവഗണിച്ചത് ചർച്ചയായി.
മുരളിയുടെ കുറിപ്പ് എന്തെന്നറിയാൻ നോക്കിയിരുന്നവർ ഇന്നലെ കണ്ടത് ഈദ് ആശംസയാണ്. അതോടെ കമന്റ് ബോക്സിൽ മുരളിക്കുള്ള ഐക്യദാർഢ്യം നിറഞ്ഞു.
'മാപ്പ് ജയൻ പറയൂല... അഴിയെങ്കി അഴി... കയറെങ്കി കയർ'- ഇതായിരുന്നു കമന്റുകൾ.
മുരളി ഗോപി തിരക്കഥ എഴുതിയ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയിൽ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗാണിത്.