കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Tuesday 01 April 2025 12:58 AM IST

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ 13കാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. മാർച്ച്‌ 24 നാണ് വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനായ ബിഹാർ സ്വദേശി സൻസ്കാർ കുമാർ സ്കൂൾ ഹോസ്റ്റലിൽ നിന്നും സാഹസികമായി കടന്നുകളഞ്ഞത്. കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതർ പരാതി നൽകിയതിനെത്തുടർന്ന് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്. മാർച്ച്‌ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂണെ എക്സ് പ്രസിൽ കുട്ടി കയറിയ വിവരം പൊലീസിന് ലഭിച്ചിരുന്നു. സിസി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്. പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കുട്ടിയെ പൊലീസ് സംഘം നാട്ടിലെത്തിക്കും.