ഐ.പി.പി.ബി ഇൻഷ്വറൻസ് ഇനി കുടുംബശ്രീ അക്ഷയ വഴിയും
കൊച്ചി: തപാൽ വകുപ്പിന്റെ ബാങ്കായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലൂടെ (ഐ.പി.പി.ബി) നൽകി വരുന്ന ഇൻഷ്വറൻസ് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പത്തിൽ ലഭിക്കും. പോസ്റ്റ് ഓഫീസുകൾ കൂടാതെ ഐ.പി.പി.ബി ഏജൻസി എടുത്തിട്ടുള്ള കുടുംബശ്രീ, അക്ഷയ ഉൾപ്പെടെയുള്ള ബിസിനസ് കറസ്പോണ്ടന്റുകൾ വഴി ഈ സേവനങ്ങൾ ലഭിക്കും. പതിനായിരത്തിൽപരം കള്ള് ചെത്തുതൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, അസംഘടിത മേഖലയിലെ മറ്റു തൊഴിലാളികൾ ഉൾപ്പെടെ നിരവധി മേഖലകളിലുള്ള സാധാരണക്കാർ പദ്ധതിയുടെ ഭാഗമാണ്.
അസംഘടിത തൊഴിലാളികൾക്കായി 499 രൂപയുടെ 10 ലക്ഷം രൂപ കവറേജ് വരുന്ന അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന, 15 ലക്ഷം രൂപ വരെ പരമാവധി കവറേജ് ലഭിക്കുന്ന ഗ്രൂപ്പ് അപകട ഇൻഷുറൻസ്,
ഇതോടൊപ്പം ഈ സാമ്പത്തിക വർഷത്തിൽ ഹെൽത്ത് ടോപ് അപ്പ് പ്ലാൻ, ഹോസ്പിറ്റൽ ക്യാഷ് പ്ലസ് ക്യാൻസർ കെയർ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആരോഗ്യ ഇൻഷ്വറൻസ്, വാഹന ഇൻഷ്വറൻസ് എന്നിവയിൽ പോസ്റ്റ് ഓഫീസ്, പോസ്റ്റ്മാൻ വഴി ചേരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വന്നതായി പോസ്റ്റൽ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ ബന്ധപ്പടുക.