കർണ്ണാടകയിലെ പാൽ വില വർദ്ധന മിൽമയ്‌ക്ക് പ്രഹരം!
തിരുവനന്തപുരം: വേനലിൽ പാൽക്ഷാമം കൂടിയതോടെ സംഭരണത്തിലെ കുറവ് നികത്താൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മിൽമയ്‌ക്ക്, കർണ്ണാടകയിൽ പാൽ വില വർദ്ധിപ്പിച്ചത് ഇരട്ടി പ്രഹരമായി. കർണാടകയിൽ നാല് രൂപയാണ് പാലിന് കൂട്ടിയത്. സംസ്ഥാനത്തിന്റെ ആവശ്യകത പരിഹരിക്കാൻ ഒന്നര ലക്ഷം ലിറ്റർ പാലാണ് കർണ്ണാടകയിൽ നിന്ന് ദിവസേന മിൽമ എത്തിക്കുന്ന ത്.
കർഷകരുടെയും വിവിധ സംഘടനകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിരന്തരമായ ആവശ്യങ്ങളെ തുടർന്നാണ് കർണാടകയിൽ പാൽ വില വർദ്ധിപ്പിച്ചത്. ഇതോടെ നന്ദിനി പാലിന്റെ ഒരു ലിറ്റർ നീല പാക്കറ്റിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഇന്ന് മുതലാണ് കർണാടകയിൽ പുതിയ പാൽവില പ്രാബല്യത്തിലാകുന്നത്.
ലാഭവിഹിതം കുറയും
സംസ്ഥാനത്തെ പ്രതിദിന പാൽ ഉപഭോഗം 16.5 ലക്ഷം ലിറ്ററാണെങ്കിലും ഇവിടത്തെ ഉല്പാദനം 11.5 ലക്ഷം ലിറ്റർ മാത്രമാണ്. ബാക്കി ആവശ്യമുള്ള പാൽ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. കർണാടക മിൽക്ക് ഫെഡറേഷനിൽ ( കെ.എം.എഫ് ) നിന്ന് ഒന്നര മുതൽ രണ്ടു ലക്ഷം ലിറ്റർ വരെ ദിവസവും എത്തിക്കുന്നുണ്ട്. മഹാരാഷ്ട, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യകത അനുസരിച്ച് പാൽ എത്തിക്കാറുണ്ട്. കർണ്ണാടകയിൽ നിന്നുമെത്തിക്കുന്ന പാലിന് ലിറ്ററിന് നാല് രൂപ വീതം വർദ്ധിച്ചതോടെ മിൽമയുടെ ലാഭ വിഹിതത്തിൽ കുറവുണ്ടാകും.
സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോച്ചിട്ടില്ല. ലാഭവിഹിതം കുറഞ്ഞാലും വിലവർദ്ധനവ് ആലോചനയിലില്ല. വില വർദ്ധനവ് മറ്റു മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക് അവസരം ഒരുക്കും
കെ.എസ്. മണി
മിൽമ ചെയർമാൻ