പുതു ഉയരങ്ങളിലേറി പൊന്ന്
കൊച്ചി: ചരിത്രത്തിലാദ്യമായി പവന് 67,000 കടന്ന് സ്വർണം വീണ്ടും റെക്കാഡ് പുതുക്കി. ഗ്രാമിന് 65 രൂപ വർദ്ധിച്ച് 8425 രൂപയും പവന് 520 രൂപ വർദ്ധിച്ച് 67,400 രൂപയുമാണ് രേഖപ്പെടുത്തിയത്. 66,880 രൂപയിൽ നിന്നാണ് വില പുതിയ റെക്കാഡ് കുറിച്ചത്. പണിക്കൂലി, ജി.എസ്.ടി എല്ലാം ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 77,000 രൂപയെങ്കിലും നൽകേണ്ടി വരും. ഒരു ഗ്രാം വെള്ളിയുടെ ഇന്നലത്തെ വില 113 രൂപയാണ്. ആഗോളവിപണിയിൽ ആദ്യമായി ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 3100 ഡോളർ കടന്നു. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 3200 ഡോളർ എന്ന ലക്ഷ്യത്തിലേക്ക് ഉടനെത്തുമെന്നാണ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
സുരക്ഷിതനിക്ഷേപം, ഡിമാൻഡ് കൂടുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി താരിഫ് ആണ് സ്വർണവില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 രൂപയായി തുടരുന്നതും സ്വർണവിലയ്ക്ക് കരുത്ത് പകരുന്നുണ്ട്. ആഗോളതലത്തിലെ രാഷ്ട്രീയ സംഘർഷങ്ങളും ഓഹരിവിപണയിലെ ചാഞ്ചാട്ടവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.
സ്വർണ്ണവില വർദ്ധിക്കുന്തോറും ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യവും വർദ്ധിക്കുകയാണ്. 25000 മുതൽ 30000 ടൺ വരെ സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വർണ്ണവില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.
അഡ്വ.എസ്.അബ്ദുൽ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ.