കോഴഞ്ചേരി പുതിയ പാലം : പ്രതീക്ഷകൾക്ക് ഒരു സ്പാൻ അകലം

Tuesday 01 April 2025 12:19 AM IST

കോഴഞ്ചേരി : തുടങ്ങിയും മുടങ്ങിയും ദീർഘമായി നീണ്ടുപോയ കോഴഞ്ചേരി പുതിയ പാലം ഇരുകരമുട്ടാൻ ഇനി ഒരു സ്പാനിന്റെ അകലം മാത്രം. സംസ്ഥാന ഹൈവേ കളായ എം.സി റോഡിനേയും പുനലൂർ - മൂവാറ്റുപുഴ പാതയേയും ബന്ധിപ്പിക്കുന്ന തിരുവല്ല - കുമ്പഴ റോഡിലെ പ്രധാന പാലമാണിത്.

വീണാജോർജ് എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി

2019 ൽ നിർമ്മാണം തുടങ്ങിയെങ്കിലും കൊവിഡ് കാലത്തെ ലോക്ക്ഡൗണോടെ മുടങ്ങി. 2022ൽ എസ്റ്റിമേറ്റ് തുക കൂട്ടി നല്കാതെ പണി തുടരാൻ കഴിയില്ലെന്ന ആവശ്യവുമായി കരാറുകാരൻ പണി ഉപേക്ഷിച്ചു. പല തവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ എത്തിയില്ല. കാലതാമസം നേരിട്ടപ്പോൾ കരാർ തുക കൂട്ടി നൽകേണ്ടിയും വന്നു. 32 മീറ്റർ നീളമുള്ള 5 സ്പാനുകളും 23.6 മീറ്റർ നീളമുള്ള 2 ലാൻഡിംഗ് സ്പാനുകളുമാണ് പാലത്തിന്നുള്ളത്. ഇതിൽ മധ്യഭാഗത്തായുള്ള സ്പാനിന്റെ നിർമ്മാണമാണ് അവശേഷിക്കുന്നത്.

ആർച്ച് പാലങ്ങളുടെ നഗരം

പമ്പയാറിന് കുറുകെ കോഴഞ്ചേരിയുടെ മുഖശ്രീയാകുന്ന പുതിയ പാലവും പഴയപാലത്തിന്റെ ചുവടുപിടിച്ച് ആർച്ച് പാലമായാണ് നിർമ്മിക്കുന്നത്. 1948ൽ നിർമ്മിച്ച 5.5 മീറ്റർ വീതിയുള്ള പഴയ പാലം അന്നത്തെ ഗതാഗത സൗകര്യങ്ങൾക്ക് പര്യാപ്തമായിരുന്നെങ്കിലും കാലം മാറിയതോടെ ഗതാഗത പ്രശ്നങ്ങൾക്ക് കാരണമായി. ഒരേസമയം രണ്ടു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

പദ്ധതി തുക : 20.58 കോടി രൂപ

പാലത്തിന്റെ നീളം : 207.2 മീറ്റർ വീതി : 12 മീറ്റർ

അപ്രോച്ച് റോഡ് :

തോട്ടപ്പുഴശ്ശേരി കരയിൽ : 344 മീറ്റർ നീളം,

കോഴഞ്ചേരി കരയിൽ : 90 മീറ്റർ നീളം.

പുതിയ പാലം പൂർത്തിയായി വൺവേ കാര്യക്ഷമമാക്കുന്നതോടെ കോഴഞ്ചേരി പട്ടണത്തിലെ ഗതാഗതകുരുക്കിന് ശാശ്വപരിഹാരമാകും.